കണ്ണൂര്‍: തലശേരി നഗരത്തില്‍നിന്നു ഡ്യൂട്ടിക്കിടെ കാണാതായ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ കണ്ടെത്തിയത് പോലീസിന് ആശ്വാസമായി. ജൂനിയര്‍ എസ്‌ഐ കാണാതായതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദമാണ് തലശേരി ടൗണ്‍ പോലീസ് നേരിട്ടിരുന്നത്. എസ്‌ഐയെ കണ്ടെത്താനായി കേരളത്തിലും കര്‍ണാടകത്തിലും സൈബര്‍ പോലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിലാണ് നടത്തിയത്.
കോളയാട് പുന്നപ്പാലത്തെ സിപി ലിനീഷിനെ (38) ആണ് മംഗളൂരുവില്‍നിന്ന് അന്വേഷണസംഘം വ്യാഴാഴച്ച വൈകുന്നേരം കണ്ടെത്തിയത്. ലിനീഷുമായി സംഘം നാട്ടിലേക്കു തിരിച്ചു. സ്വിച്ച് ഓഫായിരുന്ന ഫോണ്‍ വ്യാഴാഴ്ച്ച രാവിലെ എസ്‌ഐ ഓണ്‍ ചെയ്തിരുന്നു. തുടര്‍ന്ന് ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കായി തലശേരിയിലെ ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇറങ്ങിയെങ്കിലും സ്റ്റേഷനില്‍ എത്തിയിരുന്നില്ല. കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് ഇന്‍സ്പെക്ടര്‍ എം അനിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നാലുമാസം മുന്‍പാണ് ജൂനിയര്‍ എസ്‌ഐയായി ലിനീഷ് തലശേരി സ്റ്റേഷനില്‍ ചുമതലയേറ്റത്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ മറ്റൊരു എസ്‌ഐയ്ക്കൊപ്പമായിരുന്നു താമസം.
തലശേരി ടൗണ്‍ സ്റ്റേഷനില്‍ താങ്ങാനാവാത്ത ജോലിഭാരമാണെന്ന് തന്നോട് ലിനീഷ് വെളിപ്പെടുത്തിയതായി സഹോദരനും ഫയര്‍ ഫോഴ്സ് ജീവനക്കാരനുമായ വിജേഷ് വെളിപ്പെടുത്തിയിരുന്നു. എസ്‌ഐയാകുന്നതിന് മുന്‍പ് 10 വര്‍ഷം ജോലി ചെയ്ത ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്ക് തിരികെ പോകാന്‍ ലിനീഷ് ആഗഹിച്ചിരുന്നതായും വിവരമുണ്ട്. തലശേരിയില്‍ എത്തിക്കുന്ന ലിനീഷിനെ കോടതിയില്‍ ഹാജരാക്കുമെന്ന് തലശേരി ടൗണ്‍ പോലീസ് അറിയിച്ചു.