Movie

സംവിധായകൻ മോഹന്റെ ആദ്യചിത്രം, മലയാള സിനിമയിൽ വിസ്ഫോടനം സൃഷ്ടിച്ച ‘രണ്ട് പെൺകുട്ടികൾ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

മലയാള ചലച്ചിത്ര ലോകത്ത് കൊടുങ്കാറ്റുയർത്തിയ ‘രണ്ട് പെൺകുട്ടികൾ’ റിലീസ് ചെയ്‌തിട്ട് 45 വർഷം. 1978 ഏപ്രിൽ 28 നാണ് സ്ത്രീകളുടെ സ്വവർഗാനുരാഗം പ്രമേയമായ ആദ്യ മലയാള ചിത്രം പ്രദർശനത്തിനെത്തിയത്. മോഹൻ സംവിധാനം ചെയ്ത ആദ്യ സിനിമ. ശോഭ, അനുപമ മോഹൻ എന്നീ നടിമാരാണ് ഗിരിജ, കോകില എന്നീ പെൺസുഹൃത്തുക്കളെ അവതരിപ്പിച്ചത്. വി.ടി നന്ദകുമാറിന്റെ രണ്ട് പെൺകുട്ടികൾ എന്ന നോവലാണ് പ്രചോദനം. തിരക്കഥ രചിച്ചത് സുരാസു.

Signature-ad

കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളുടെ അസാധാരണമായ ബന്ധത്തിന്റെ കഥ ലൈംഗികതയുടെ സ്പർശമില്ലതെയാണ് സിനിമയിൽ ആവിഷ്ക്കരിച്ചത്. പെൺസുഹൃത്തുക്കളിലൊരാൾ ഒരു പുരുഷന്റെ ബലാൽക്കാര ശ്രമത്തിന് ഇരയാകുന്നതോടെ ആ പെൺകുട്ടിയുടെ പുരുഷവർഗ്ഗത്തോടുള്ള പക മറ്റൊരു സ്ത്രീയോടുള്ള വിശ്വാസത്തിലേയ്ക്കും ബന്ധത്തിലേയ്ക്കും വഴി മാറുന്നു. ഗിരിജയെ ചേച്ചി എന്നാണ് കോകില വിളിക്കുന്നത്. മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ, ആദ്യ ലെസ്ബിയൻ കഥാപാത്രമായിരിക്കും ഗിരിജ.

നോവൽ 1974 ൽ പുറത്തിറങ്ങി. എഴുത്തുകാരൻ വിടി നന്ദകുമാർ പ്രസിദ്ധീകരിച്ച ‘യാത്ര’ വാരികയിലേയ്ക്ക് വന്ന ഒരു പെൺകുട്ടിയുടെ കത്താണ് നോവലിന് പ്രചോദനം. ഡോക്ടർ പി.എം മാത്യു വെല്ലൂർ കൈകാര്യം ചെയ്‌തിരുന്ന മനഃശാസ്ത്ര പംക്തിയിലേയ്ക്കായിരുന്നു ആ കത്ത്. രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ഗാഢമായ ബന്ധം അങ്ങനെ നോവലിന് പ്രമേയമായി; താമസിയാതെ സിനിമയ്ക്കും.

നോവൽ അതേപടി സിനിമയാക്കുകയല്ല മോഹൻ ചെയ്തത്. നോവലിസ്റ്റിന് 8000 രൂപ പ്രതിഫലം കൊടുത്ത് കഥയുടെ അവകാശം വാങ്ങി. ഹൃദയമേ സാക്ഷി എന്ന ഐവി ശശി ചിത്രം നിർമ്മിച്ച എൻ.സി മേനോൻ, ഗോപീകൃഷ്ണൻ എന്നിവർ ചിത്രം നിർമ്മിച്ചു. മലയാള സാഹിത്യത്തിൽ മാധവിക്കുട്ടിയാണ് ലെസ്ബിയനിസം പിന്നീട് പരീക്ഷിച്ചയാൾ. സിനിമയിൽ പത്മരാജനും.

ബിച്ചു തിരുമല- എം.എസ് വിശ്വനാഥൻ ടീമിന്റെ ഗാനങ്ങളിൽ ജയചന്ദ്രൻ പാടിയ ‘ഞായറും തിങ്കളും പൂത്തിറങ്ങും’ ശ്രദ്ധേയമായി.

രണ്ട് പെൺകുട്ടികളിലൊരാൾ, അനുപമ, സംവിധായകൻ മോഹന്റെ ജീവിതസഖിയായി. മോഹന്റെ തന്നെ വാടകവീട് എന്ന ചിത്രത്തിന് ശേഷം  നടിയെ സ്‌ക്രീനിൽ കണ്ടിട്ടില്ല.

Back to top button
error: