Movie

എം കൃഷ്ണൻനായർ സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രം’ഇൻസ്പെക്ടർ’ റിലീസ് ചെയ്‌തിട്ട് 55 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

      എം കൃഷ്ണൻനായരുടെ ‘ഇൻസ്പെക്ടർ’ക്ക് 55 വയസ്സ്. 1968 ഏപ്രിൽ 26 നായിരുന്നു നസീർ, ഉമ്മർ, തിക്കുറിശ്ശി, ഉദയചന്ദ്രിക എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ കുറ്റാന്വേഷണ ചിത്രം റിലീസ് ചെയ്‌തത്‌. കെ ബാലാജിയുടെ കഥയ്ക്ക് എസ് എൽ പുരം സംഭാഷണമെഴുതി. സിഐഡി രാജൻ എന്ന നസീർ കഥാപാത്രം ജയിംസ് ബോണ്ടിൽ നിന്നും പ്രചോദിതമാണ്.

കള്ളക്കടത്തുകാരുടെ ശല്യം രൂക്ഷമായപ്പോൾ അധികാരികൾ കൽക്കട്ടയിൽ നിന്നും സിഐഡിയെ കൊണ്ട് വരുന്നു. കള്ളക്കടത്ത് സംഘം വെറുതെയിരിക്കുമോ? അവർ ഒരു മെക്കാനിക്കിനെ സമീപിച്ച്, സിഐഡി രാജൻ വരുന്ന ട്രെയിൻ അപായപ്പെടുത്താൻ നിയോഗിച്ചു. മെക്കാനിക്ക് അവസാന നിമിഷമാണ് അറിയുന്നത് സിഐഡി രാജൻ തന്റെ ജ്യേഷ്‌ഠ സഹോദരനാണ് എന്ന്. പക്ഷേ മെക്കാനിക് ട്രെയിൻ നിർത്തിച്ചു.

സിഐഡി പക്ഷെ നാളുകൾക്കകം മെക്കാനിക്കിനെ അറസ്റ്റ് ചെയ്‌തു. കൽക്കട്ടയിൽ നിന്നും മോഷണം പോയ നെക്‌ളേസ്‌ അയാൾ കാമുകിക്ക് സമ്മാനിച്ചത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്‌റ്റ്. കൊള്ളസംഘം മെക്കാനിക്കിനെ മോചിപ്പിച്ച് ഗൂഢ സങ്കേതത്തിൽ ഒളിപ്പിച്ചു. അവർ സിഐഡിയെയും പൊക്കി അതേ സങ്കേതത്തിൽ കൊണ്ടുവന്നു. പക്ഷെ സിഐഡിയുടെ ശരീരത്തിൽ വയർലെസ്സ് ഉണ്ടല്ലോ. അത് എല്ലാ വിവരങ്ങളും അപ്പപ്പോൾ ഉത്തരവാദപ്പെട്ടവർ അറിയിക്കുന്നുണ്ടല്ലോ.

അങ്ങനെ ഉഗ്രസംഘട്ടനത്തിന് ശേഷം സിഐഡി രക്ഷപെടുന്നു. കൊള്ളസംഘം പോലീസ് പിടിയിലാവുന്നു. മെക്കാനിക്ക് നിരപരാധിത്വം തെളിയിച്ച് മോചിതനാവുന്നു. ഇത്തവണ കാമുകിക്ക് കൊടുക്കാൻ നെക്‌ളേസ്‌ അല്ല, ഹൃദയം മാത്രം.

പി ഭാസ്‌ക്കരൻ-എംഎസ് ബാബുരാജ് വക ‘കറുത്തവാവാം സുന്ദരി തന്നുടെ കമ്മലിൽ ഒൻപത് കല്ലുണ്ട്’, ‘കനവിൽ ഞാൻ തീർത്ത വെണ്ണക്കൽ കൊട്ടാരം കളിമണ്ണിന്റെ കോട്ടയായിരുന്നു’ ഉൾപ്പെടെ 6 ഗാനങ്ങളുണ്ടായിരുന്നു.

വർഷങ്ങൾക്ക് ശേഷം ഇതേ ദിവസമാണ് മമ്മൂട്ടിയുടെ ‘ഇൻസ്‌പെക്‌ടർ ബൽറാം’ റിലീസാവുന്നത്. ടി ദാമോദരൻ-ഐവി ശശി ടീമിന്റെ ചിത്രത്തിൽ പാട്ടുകൾക്ക് സ്ഥാനമില്ലായിരുന്നു.

Back to top button
error: