അമേരിക്കയിലെ ന്യൂജേഴ്സിയിൽ ശനിയാഴ്ച നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അഞ്ചു വിഭാഗങ്ങളിലായി പത്ത് മികച്ച ആരോഗ്യപ്രവർത്തകരെയാണ് ആദരിക്കുന്നത്.വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. വടക്കേ അമേരിക്കയിലെ ലോസ് അഞ്ചലസിലും ടൊറന്റോയിലും വിജയകരമായി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഇനി ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള അവസരമായി മാറുകയാണ്. ഏപ്രിൽ 29ന് ന്യൂജേഴ്സിയിൽ വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. പോൾ കറുകപ്പള്ളിൽ കേരള ടൈംസ് ആണ് ഇവന്റ് പാർട്ണർ.
നെഫ്രോളജി രംഗത്ത് നിർണായക സംഭാവനകൾ നൽകിവരുന്ന ഡോ. മധു ഭാസ്കരനെ മികച്ച ഡോക്ടർ ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 50 വർഷമായി നഴ്സായി സേവനം ചെയ്യുന്ന ലീലാമ്മ വടക്കേടം ആണ് ബെസ്റ്റ് നേഴ്സ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റൽ സിസ്റ്റം സീനിയർ ഡയറക്ടർ ഡോക്ടർ ആനി ജോർജിന് മികച്ച നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർക്കുള്ള പുരസ്കാരം നൽകും. ആൽബിനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സഞ്ജിത്ത് മേനോൻ ആണ് യൂത്ത് ഐക്കൺ. പതിറ്റാണ്ടുകളായി നിസ്വാർത്ഥ സേവനത്തിലൂടെ അമേരിക്കയിൽ പ്രശസ്തനായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും പ്രൊഫസറുമായ ഡോക്ടർ സി എസ് പിച്ചുമണിക്ക് സമഗ്ര സംഭാവനകൾക്കുള്ള ലൈഫ് ടൈം അവാർഡ് നൽകും. ഡോക്ടർ സിസ്റ്റർ ജോസിലിൻ എടത്തിലിന് സ്പെഷ്യൽ ജൂറി പുരസ്കാരം നൽകും. ആയുർവേദ വിദഗ്ധയായ ഡോക്ടർ അംബിക നായർക്ക് സ്പെഷ്യൽ ജൂറി അവാർഡ് നൽകിയായിരിക്കും ആദരിക്കുക. നഴ്സിംഗ് രാഷ്ട്രീയ രംഗങ്ങളിൽ മികവു തെളിയിച്ച ഡോക്ടർ ആനി പോളിനെയും സ്പെഷ്യൽ ജൂറി അവാർഡ് നൽകി ആദരിക്കും. കൊവിഡ് പ്രതിരോധിക്കാൻ മികച്ച സേവനം നൽകിയ ഡോക്ടർ ശ്രീതി സരസ്വതിക്കും, നഴ്സിംഗ് സംഘടനയായ നൈനയുടെ പ്രസിഡൻറ് സുജ തോമസിനും ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. ഡോക്ടർ സുനിൽകുമാർ നേതൃത്വം നൽകിയ അഞ്ചംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ശനിയാഴ്ച നടക്കുന്ന പുരസ്‌കാര നിശയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നവതി ആഘോഷിച്ച പുരോഹിതൻ ഫാദർ മാത്യു കുന്നത്തിനേയും ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കും.