KeralaNEWS

ഇ-പോസ് മിഷീന്‍ പണിമുടക്കി, റേഷന്‍ കിട്ടിയില്ല; കടയിലെ ജീവനക്കാരിയെ അടിച്ചുവീഴ്ത്തി

തിരുവനന്തപുരം: ഇ-പോസ് മിഷീന്‍ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ ലഭിക്കാത്തതില്‍ പ്രകോപിതനായ ഉപഭോക്താവ് കടയിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്തു. പൂവച്ചല്‍ പഞ്ചായത്തിലെ തേവന്‍കോട് എ.ആര്‍.ഡി. 188 കടയിലെ ജീവനക്കാരി കുറ്റിച്ചല്‍ കല്ലറത്തോട്ടം ആര്‍.കെ.നിവാസില്‍ സുനിത (35)യ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇവരെ കൈയേറ്റം ചെയ്തശേഷം വീണ്ടും കടയിലെത്തി ബഹളമുണ്ടാക്കിയ തേവന്‍കോട് സ്വദേശി ദീപുവിനെ നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകിട്ട് ആറോടെ കടയില്‍ റേഷന്‍ വാങ്ങാനെത്തിയ ദീപുവിനോട് സെര്‍വര്‍ തകരാര്‍ കാരണം ഇ-പോസ് യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനാല്‍ റേഷന്‍ നല്‍കാന്‍ കഴിയില്ലെന്നും സുനിത പറഞ്ഞു. ഇതോടെ പ്രകോപിതനായി ചെകിടത്ത് അടിക്കുകയായിരുന്നു. ശക്തമായ അടിയില്‍ ബോധരഹിതയായി വീണ സുനിതയെ അടുത്തുള്ള കടക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി. ദീപു രാവിലെയും റേഷന്‍ വാങ്ങാന്‍ വന്നിരുന്നതായും കിട്ടില്ലെന്നറിഞ്ഞ് മടങ്ങിയതായും പറയുന്നു. കൈയേറ്റത്തിനുശേഷം വീണ്ടും ഇയാള്‍ കടയ്ക്ക് മുന്നിലെത്തി ബഹളം ഉണ്ടാക്കിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.

Signature-ad

സുനിതയുടെ ഭര്‍ത്താവ് എ.രജിയുടെ ലൈസന്‍സിയിലുള്ള റേഷന്‍ കടയാണിത്. രാവിലെ കടതുറന്നതു മുതല്‍ വൈകീട്ടുവരെ യന്ത്രം പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വിതരണം നിലച്ചിരുന്നു. രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് റേഷന്‍ വാങ്ങാന്‍ എത്തിയവരില്‍ പലരും ഇതിനെത്തുടര്‍ന്ന് റേഷന്‍ കടക്കാരോട് കയര്‍ത്ത് സംസാരിച്ചിരുന്നു.

റേഷന്‍ കടയിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാട്ടാക്കട താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിടുമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ അറിയിച്ചു.

Back to top button
error: