Movie

ദിലീപ് നായകനായ ‘ബാന്ദ്ര’ വരുന്നു, ചിലമ്പരശന്റെ ‘പത്തു തല’ ഏപ്രില്‍ 27 മുതൽ ആമസോണ്‍ പ്രൈമിൽ

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യുടെ ടീസര്‍ പുറത്തിറങ്ങി. ‘രാമലീല’യ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അലക്സാണ്ടര്‍ ഡൊമിനിക് എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘രാമലീല’യിലൂടെ അരങ്ങേറ്റം കുറിച്ച ആളാണ് അരുണ്‍ ഗോപി. ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാ’യിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ദിലീപിന്റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര.’

ചിലമ്പരശനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്തു തല’ യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 30 ന് ആയിരുന്നു. കന്നഡയില്‍ വിജയം നേടിയ മഫ്തി എന്ന ചിത്രത്തിന്റെ റീമേക്കാണ് ‘പത്ത് തല.’ തമിഴ്നാട് മുഖ്യമന്ത്രിയെ കാണാതായ കേസ് അന്വേഷിക്കാന്‍ ശക്തിവേല്‍ എന്ന പൊലീസ് ഓഫീസര്‍ ചുമതലയേല്‍ക്കുന്നു. ആ അന്വേഷണം അദ്ദേഹത്തെ എത്തിക്കുന്നത് അധോലോക നേതാവ് എ ജി രാവണനിലേക്കാണ്. വേഷം മാറി കേസന്വേഷണത്തിന് മുന്നിട്ടിറങ്ങുകയാണ് ശക്തിവേല്‍. തമിഴ്നാട് മുഖ്യമന്ത്രിയുടെ വേഷത്തില്‍ സന്തോഷ് പ്രതാപും ശക്തിവേല്‍ ആയി ഗൌതം കാര്‍ത്തിക്കും എത്തുമ്പോള്‍ എ ജി രാവണന്‍ ആയി എത്തുന്നത് ചിമ്പുവാണ്. ഗൌതം വസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരസന്‍, ടീജേ അരുണാചലം, അനു സിത്താര, മധു ഗുരുസ്വാമി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Back to top button
error: