ജോസ് തോമസ്- ദിലീപ് കൂട്ടുകെട്ടിലെ ‘ഉദയപുരം സുൽത്താൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 24 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ദിലീപിന്റെ ‘ഉദയപുരം സുൽത്താ’ന് 24 വയസ്സായി. 1999 ഏപ്രിൽ 25 നായിരുന്നു ജോസ് തോമസ് സംവിധാനം ചെയ്‌ത ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്‌തത്. സംവിധായകന്റെ കഥയ്ക്ക് ഉദയ്‌കൃഷ്‌ണ-സിബി കെ തോമസ് എന്നിവർ തിരക്കഥയെഴുതി. മതത്തിന്റെ വേലിക്കെട്ടുകൾ ബന്ധങ്ങൾ അകറ്റുമ്പോഴും സംഗീതവും മനുഷ്യത്വവും കാലവും എല്ലാ അതിർവരമ്പുകളെയും ഭേദിക്കുമെന്ന് ചിത്രം പറഞ്ഞു.
മുസൽമാൻ (ക്യാപ്റ്റൻ രാജു) വിവാഹം ചെയ്‌ത തമ്പുരാട്ടിയും (അംബിക) അവരുടെ സംഗീതസിദ്ധിയുള്ള സുലൈമാൻ എന്ന മകനും (ദിലീപ്). സാഹചര്യവശാൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നൊരു പൂജാരിയായി സുലൈമാന് അഭിനയിക്കേണ്ടി വരുന്നു. യാഗം കഴിക്കാനെന്ന് പറഞ്ഞ് ക്ഷണിക്കപ്പെട്ട നമ്പൂതിരി എന്ന സുലൈമാൻ വാസ്‌തവത്തിൽ വന്നത് അമ്മവീടായ ഉദയപുരം കൊട്ടാരത്തിലാണ്. കൊട്ടാരത്തിൽ സുലൈമാൻ നമ്പൂതിരി നേരിടുന്ന അതിജീവന ശ്രമങ്ങളാണ് പിന്നെ.
കൊട്ടാരത്തിലെ ഇളയ പെൺകുട്ടിക്കുള്ള കല്യാണദോഷം തീർക്കാൻ സ്വയംവരപൂജ നടത്താൻ വന്ന സുലൈമാനെ അയാളുടെ പശ്ചാത്തലമറിയാതെ പ്രേമിക്കുന്നു തമ്പുരാട്ടിക്കുട്ടി (പ്രീത വിജയകുമാർ). അയാളുടെ പശ്ചാത്തലമറിഞ്ഞു കൊണ്ട് അയാളെ പ്രേമിക്കുന്നു കൊട്ടാരത്തിലെ കാര്യസ്ഥന്റെ (ഇന്നസെന്റ്) മകൾ. സാമ്പ്രദായിക വിവാഹം നിശ്ചയിക്കുന്നെങ്കിലും യഥാർത്ഥ സ്നേഹത്തിന് മുന്നിൽ മനം മാറി മുത്തച്ഛൻ തമ്പുരാൻ (നരേന്ദ്രപ്രസാദ്), സുലൈമാൻ-തമ്പുരാട്ടിക്കുട്ടി വിവാഹത്തിന് സമ്മതിക്കുന്നു.
‘തല്ല് കൊണ്ടാലേ ബാധ പോകൂ. തല്ല് കൊണ്ടാൽ ബാധയല്ല, ബോധാ പോകാ’ തുടങ്ങിയ ഡയലോഗ് കോമഡികളാലും കോഴിയിറച്ചി മടിയിലൊളിപ്പിച്ച് മുറുക്കാനാണെന്നും പറഞ്ഞുള്ള തത്രപ്പാട് ആക്ഷൻ കോമഡികളാലും നിറഞ്ഞ സുൽത്താൻ ദിലീപിന് വൻ ജനപ്രീതി നേടിക്കൊടുത്തു.
കൈതപ്രത്തിന്റേതായിരുന്നു ഗാനവിഭാഗം. ഇനിയെന്ത് പാടേണ്ടൂ ഞാൻ, ചിറ്റോളം തുളുമ്പുന്ന തുടങ്ങിയ ജനപ്രിയ ഗാനങ്ങൾക്കൊപ്പം ക്‌ളാസിക്കൽ ഗാനങ്ങളും ഉണ്ടായിരുന്നു.
സംവിധായകൻ ജോസ് തോമസ്-ദിലീപ് കൂട്ടുകെട്ടിൽ പിന്നീട് വന്ന ചിത്രങ്ങളാണ് മായാമോഹിനിയും ശൃംഗാരവേലനും.