NEWSPravasi

ആതിര മോഹന്‍ സൗദിയിൽ വച്ച് മതം മാറി ആയിഷയായി: ‘ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം. വേറെ വിവാഹം കഴിച്ചിട്ടില്ല.’ ആയിഷ സ്വന്തം നിലപാട് വിശദീകരിക്കുന്നു

  സൗദി അറേബ്യയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്യുന്ന  തന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി മതം മാറ്റി എന്ന പരാതിയുമായി ഭർത്താവ് ആന്റണി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. തൃശൂര്‍ ചേറ്റുപുഴ സ്വദേശിയായ ഈ 32കാരി  ഇപ്പോൾ 65 കാരന്റെ കസ്റ്റടിയിലാണെന്നും തീവ്രവാദികളുടെ കയ്യിൽ അകപ്പെടും മുമ്പ് രക്ഷിച്ചു തിരികെ എത്തിക്കണം എന്നായിരുന്നു പരാതി. പക്ഷേ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഭർത്താവും ചില ഓൺലൈൻ മാധ്യമങ്ങളും നുണക്കഥ പ്രചരിപ്പിക്കുന്നു എന്നും  ആയിഷയായി മാറിയ ആതിര മോഹൻ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആതിര മോഹൻ എന്ന താൻ ഇസ്ലാം മതം സ്വീകരിച്ച ശേഷം ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു. സൗദി അറേബ്യയില്‍ വച്ച് മതം മാറിയ തനിക്കെതിരെ പല കോണുകളില്‍ നിന്നും വിദ്വേഷ പ്രചാരണം നടക്കുന്നതായി  അവര്‍ കുറ്റപ്പെടുത്തി.

     മതങ്ങളെ പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് മതം മാറിയതെന്ന് ആയിഷ എന്ന ആതിര മോഹൻ വ്യക്തമാക്കി. മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. തന്റെ മുന്‍ഭര്‍ത്താവ് ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയില്‍ പറയുന്നതെല്ലാം നുണയാണ്.

Signature-ad

   2013ല്‍ പ്രണയവിവാഹം നടത്തിയെങ്കിലും അതിന് ശേഷം ആന്റണി നിരന്തരമായി തന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി പതിവായി മര്‍ദ്ദിക്കുമായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജോലി തേടി സൗദി അറേബ്യയിലെത്തിയത്. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞിനു ചിലവിനായി ശമ്പളത്തിലെ നല്ലൊരു പങ്ക് അയാളുടെ പേരിൽ അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തിനും മറ്റ് അനാവശ്യ കാര്യങ്ങള്‍ക്കും താന്‍ നല്‍കിയ പണം അയാള്‍ ധൂര്‍ത്തടിക്കുകയായിരുന്നു.

‘കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലല്ല. രണ്ടു വര്‍ഷത്തിലേറെയായി ഒരു ബന്ധവുമില്ല. കുട്ടിയെ ഉപേക്ഷിച്ചിട്ടില്ല, അയാള്‍ വിട്ടു തരാത്തതാണ്. വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ട് ഏറെനാളായി. അതിന്റെ നടപടികള്‍ നടന്നുവരികയാണ്. ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും തന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്.

താന്‍ മതം മാറിയതിൽ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതര്‍ക്ക് ഏതെങ്കിലും തരത്തില്‍ മനസറിവുപോലുമുള്ള കാര്യമല്ല. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ്. താന്‍ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. റാബിഖ് എന്ന സ്ഥലത്ത് വെച്ചാണ് മതം മാറിയത്. ഇസ്?ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതത്.’ ആയിഷ കൂട്ടിച്ചേര്‍ത്തു.

മതംമാറ്റം തങ്ങള്‍ അറിഞ്ഞല്ലെന്നും മതംമാറ്റവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ആയിഷ ജോലി ചെയ്യുന്ന അല്‍മാസ് ക്ലിനിക് മാനജ്മെന്റ് പ്രതിനിധികളും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ സികെ കുഞ്ഞി മരയ്ക്കാര്‍, റാഫി, ജെനറല്‍ മാനജര്‍ മുസ്തഫ സൗദ്, മാനജര്‍ ആസിഫ് എന്നിവരും സംബന്ധിച്ചു

Back to top button
error: