കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസില്‍ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വര്‍ഷത്തിന് ശേഷമാണ്
17 പ്രതികളെയും വെറുതെ വിട്ട് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് വിധി വന്നത്.
ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ് എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ടി എം വര്‍ഗീസിന്റെ കൊല നടന്നത് 2002 ഡിസംബര്‍ 5നാണ്. സഭാ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. യാക്കോബായ സഭാ വൈദികനും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായ ഫാദര്‍ വര്‍ഗീസ് തെക്കേക്കര അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികള്‍.
കേസില്‍ 19 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ നേരത്തെ മരിച്ചിരുന്നു. യാക്കോബായ സഭയിലെ ഫാ. വര്‍ഗീസ് തെക്കേക്കരയായിരുന്നു കേസിലെ ഒന്നാം പ്രതി. ആദ്യഘട്ടത്തില്‍ ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിച്ച കേസില്‍ സഭാ തര്‍ക്കമാണ് കാരണമെന്ന് പിന്നീട് സിബിഐ ആരോപിച്ചിരുന്നു.