ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ചെന്നൈയില്‍ മാത്രം 40 ഓളം ഇടങ്ങളിലാണ് പരിശോധന. തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എ എം.കെ മോഹന്റെ വീട്ടിലും ആദായനികുതി പരിശോധന നടന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വസ്തനാണ് എം.കെ മോഹന്‍.
സ്റ്റാലിന്റെ കുടുംബത്തിന് കമ്പനിയില്‍ ബെനാമി നിക്ഷേപമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപണം ഉന്നയിച്ചിരുന്നു. സ്റ്റാലിന്റെ മരുമകന്‍ ശബരീനാഥന്റെ ഓഡിറ്ററായ ഷണ്‍മുഖരാജ്, ബന്ധു പ്രവീണ്‍ എന്നിവരുടെ വീട്ടിലും പരിശോധന നടത്തി. തിരുച്ചി, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
‘ഡിഎംകെ ഫയല്‍സ്’ എന്ന പേരില്‍ സ്റ്റാലിനടക്കം ഡിഎംകെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും വരവിലധികം സ്വത്ത് സമ്പാദിച്ചെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു.