KeralaNEWS

വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിന് പൊളപ്പന്‍ പ്രതികരണം; ആദ്യദിനം തന്നെ സൂപ്പര്‍ ഹിറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍ഗോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വില്‍പന ആരംഭിച്ച് വൈകാതെ തന്നെ എക്‌സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്‌ലിസ്റ്റായി. മേയ് 1 വരെയുള്ള സര്‍വീസുകളില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ കണ്‍ഫേം ടിക്കറ്റ് ലഭ്യമല്ല. ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു ട്രെയിനിലുള്ളത്. മേയ് 1 വരെയുള്ള ദിവസങ്ങളില്‍ 200 മുതല്‍ 300 സീറ്റുകള്‍ മാത്രമാണു ചെയര്‍കാറില്‍ ബാക്കിയുള്ളത്.

ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരംകാസര്‍കോട് യാത്രയ്ക്കു ചെയര്‍കാറില്‍ 1590 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയുമാണു നിരക്ക്. തിരികെ കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്ക് ചെയര്‍കാറില്‍ 1520, എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2815 എന്നിങ്ങനെയാണു നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതില്‍ ഉള്‍പ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും.

Signature-ad

രാവിലെ കാസര്‍ഗോട്ടേക്കുള്ള യാത്രയില്‍ ചായ/കോഫി, ബിസ്‌കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 ഭക്ഷണം ഉള്‍പ്പെടുന്നതാണു ടിക്കറ്റ് നിരക്കു കൂടാന്‍ കാരണം. മടക്കയാത്രയില്‍ ഈവനിങ് ഹൈ ടീ, ഡിന്നര്‍ എന്നിവ മാത്രമേയുള്ളൂ എന്നതാണു നിരക്ക് കുറയാന്‍ കാരണം. ഭക്ഷണം വേണ്ടെങ്കില്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോട്ടേയ്ക്കും തിരിച്ചും നിരക്കുകള്‍ തുല്യമാണ് (ചെയര്‍കാര്‍ 1265, എക്‌സിക്യൂട്ടീവ് ക്ലാസ് 2500).

രാജധാനിയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഡല്‍ഹി ആസ്ഥാനമായ വൃന്ദാവന്‍ ഫുഡ്‌സിനാണു വന്ദേഭാരതിലെ ഭക്ഷണ കരാര്‍ ലഭിച്ചിരിക്കുന്നത്. ടിക്കറ്റിനൊപ്പം ഭക്ഷണം വേണ്ടെന്നുവച്ചാലും ട്രെയിനില്‍ പണം കൊടുത്തു വാങ്ങാന്‍ കഴിയും.

Back to top button
error: