
കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്ന് പേർ എറണാകുളം ആലുവയിൽ പിടിയിൽ. 27 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ശർമേന്ത പ്രധാൻ, ചെക്ക്ഡാല പ്രധാൻ എന്നിവരാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലാണ് സംഘം കഞ്ചാവ് കടത്തിയത്. ചെന്നൈ. തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കഞ്ചാവ് കടത്തൽ. ബംഗാളിൽ നിന്ന് വരുന്ന ട്രെയിനുകളിൽ പരിശോധന ശക്തമായതിനാൽ ഇവർ ചെന്നൈയിലെത്തി ട്രെയിൻ മാറിയാണ് കേരളത്തിലേക്ക് വന്നത്. പൊലീസ് നായ മണം പിടിച്ച് കഞ്ചാവ് കണ്ടെത്താതിരിക്കാൻ ബാഗുകളിൽ ഇവർ ഉണക്കച്ചെമ്മീൻ കരുതിയെന്നും പൊലീസ് പറഞ്ഞു.