മുംബൈ: ഷാർജയിലെ മരുക്കാറ്റിനെയും ഓസീസ് പേസാക്രമണത്തെയും തകർത്ത് സച്ചിൻ ടെൻഡുൽക്കർ ഓസ്ട്രേലിയക്കെതിരെ നേടിയ ഐതിഹാസിക സെഞ്ചുറിക്ക് ഇന്ന് 25 ആണ്ട് തികഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു ‘ഡെസേർട്ട് സ്റ്റോം’ എന്ന പേരിൽ പിന്നീട് പ്രശസ്തമായ സച്ചിൻറെ സെഞ്ചുറി. മരുഭൂമിയിലെ കൊടുങ്കാറ്റിന് 25 വർഷം പൂർത്തിയാവുമ്പോൾ ആരാധകർക്കൊപ്പം പ്രത്യേക കേക്ക് മുറിച്ചാണ് ബാറ്റിംഗ് ഇതിഹാസം അത് ആഘോഷിച്ചത്. സച്ചിൻറെ 50ാം പിറന്നാളാണ് മറ്റന്നാൾ. അതിന് മുന്നോടിയായാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്.
Special cake for "25 years of Desert Storm".
Sachin is celebrating the day with his fans in Mumbai. pic.twitter.com/tEhbVXuy08
— Johns. (@CricCrazyJohns) April 22, 2023
1998ൽ ഷാർജയിൽ നടന്ന ന്യൂസിലൻഡ് കൂടി ഉൾപ്പെട്ട കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യക്ക് ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഓസ്ട്രേലിയക്കെതിരെ സച്ചിൻ നേടിയ സെഞ്ചുറി(143) ആയിരുന്നു. ആ മത്സരത്തിന് മുമ്പ് ഇന്ത്യ മൂന്ന് കളികളിൽ ഒരേയൊരു മത്സരം മാത്രമായിരുന്നു ജയിച്ചിരുന്നത്. ന്യൂസിലൻഡാകട്ടെ നാലു കളികളിൽ ഒരെണ്ണം ജയിച്ച് പുറത്തേക്കുള്ള വഴിയിലായിരുന്നു. നെറ്റ് റൺറേറ്റിലായിരുന്നു കിവീസിൻറെ ഫൈനൽ പ്രതീക്ഷകൾ. ഓസ്ട്രേലിയ നേരത്തെ ഫൈനലുറപ്പിച്ചിരുന്നു.
ജയിക്കുകയോ വൻ മാർജിനിൽ തോൽക്കാതിരിക്കുകയോ ചെയ്താൽ മാത്രമെ ഇന്ത്യക്ക് ന്യൂസിലൻഡിനെ മറികടന്ന് ഫൈനലിലെത്താനാവുമായിരുന്നുള്ളു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസടിച്ചു. അന്നത്തെ കാലത്ത് ഏകദിന ക്രിക്കറ്റിൽ വിജയം ഉറപ്പിക്കാവുന്ന സ്കോറായിരുന്നു അത്. 285 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ 17 റൺസെടുത്ത ഗാംഗുലിയെ നഷ്ടമായി. പിന്നീട് വിക്കറ്റ് കീപ്പർ നയൻ മോംഗിയക്കൊപ്പം സച്ചിൻ ഇന്ത്യയെ 100 കടത്തി. 35 റൺസെടുത്ത മോംഗിയ പുറത്തായതിന് പിന്നാലെ സ്റ്റേഡിയത്തിൽ മരുക്കാറ്റ് അടിച്ചതിനെത്തുടർന്ന് മത്സരം നിർത്തിവെച്ചു. പിന്നീട് ഇന്ത്യയുടെ വിജയലക്ഷ്യം 46 ഓവറിൽ 276 റൺസായി പുനർനിർണയിച്ചു.
എന്നാൽ മരുക്കാറ്റിനുശേഷമായിരുന്നു ഷാർജയിൽ സച്ചിൻ കൊടുങ്കാറ്റായത്. മൈക്കൽ കാസ്പ്രോവിച്ചിനെതിരെ സച്ചിൻ നേടിയ സിക്സർ ഇന്നും ആരാധക മനസിൽ മായാതെ കിടക്കുന്നുണ്ട്. ഷെയ്ൻ വോണിനെതിരെ ഫ്രണ്ട് ഫൂട്ടിൽ ഇറങ്ങി സച്ചിൻ പറത്തിയ സിക്സുകൾ പിന്നീട് പലവട്ടം തൻറെ ഉറക്കം കെടുത്തിയെന്ന് വോൺ തന്നെ തുറന്നു പറഞ്ഞിരുന്നു. 42.5 ഓവറിൽ 242-4 എന്ന സ്കോറിലെത്തിയ ഇന്ത്യക്ക് വിജയം കൈയകലത്തിലായിരുന്നു. 19 പന്തിൽ 34 റൺസായിരുന്നു അപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത്. 131പന്തിൽ 143 റൺസെടുത്തു നിന്ന സച്ചിനെ 43-ാം ഓവറിലെ അവസാന പന്തിൽ ഡാമിയൻ ഫ്ലെമിംഗ് വീഴ്ത്തിയതോടെ ഇന്ത്യ അവിശ്വസനീയമായി തകർന്നടിഞ്ഞു.
വിവിഎസ് ലക്ഷ്മൺ, അജയ് ജഡേജ, ഋഷികേശ് കനിത്കർ എന്നിവരെല്ലാം ഉണ്ടായിട്ടും ഇന്ത്യക്ക് അടുത്ത മൂന്നോവറിൽ എട്ട് റൺസെ നേടാനായുള്ളു. മത്സരം ഇന്ത്യ തോറ്റെങ്കിലും മികച്ച നെറ്റ് റൺറേറ്റിൽ ഇന്ത്യ ഫൈനലിലെത്തി. ഫൈനലിലും സെഞ്ചുറി ആവർത്തിച്ച സച്ചിൻ ഇത്തവണ ഇന്ത്യക്ക് കിരീടവും സമ്മാനിച്ചാണ് ക്രീസ് വിട്ടത്. മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും സച്ചിൻറെ ഇന്നിംഗ്സിൻറെ കരുത്തിൽ ഇന്ത്യ ഫൈനലിലെത്തി. പിറന്നാൾ ദിനത്തിൽ നടന്ന ഫൈനലിലും സെഞ്ചുറി പ്രകടനം ആവർത്തിച്ച സച്ചിൻ ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു.