കൊല്ലം: പുനലൂര്‍ വെട്ടിപ്പുഴ പാലത്തിന് സമീപം വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കൊല്ലപ്പെട്ടവരിലൊരാള്‍ വീട്ടിലെ താമസക്കാരിയായ സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. പുരുഷശരീരം ആരുടെതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കാണപ്പെട്ട വീടിന്റെ മുറ്റത്തു ചോര തളം കെട്ടിനിന്നതും സമീപത്തെ കല്ലുകളില്‍ ചോരപ്പാടുകളും കണ്ടെത്തിയതുമാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലെക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. വീടിനു പുറത്തുവച്ച് സംഘര്‍ഷം നടന്നതിന്റെയും ലക്ഷണങ്ങളുണ്ട്. കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളിലേക്ക് വലിച്ചു കൊണ്ടിട്ടതാകാം എന്നുമാണ് പോലീസിന്റെ സംശയം. പോസ്റ്റ് മോര്‍ട്ടവും വിശദമായ പരിശോധനയും കഴിഞ്ഞു മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.
കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ത്രീയുടെ മൃതദേഹം കുടിലിലെ താമസക്കാരിയായ ഇന്ദിരയുടെതും പുരുഷന്റെ മൃതദേഹം ഇവിടെ എത്തുന്ന സഹായികളായ ആരുടെയെങ്കിലും ആകാം എന്നാണ് പോലീസ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ 60 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണിതെന്നാണ് വ്യക്തമാകുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
4 ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ ഇവിടെനിന്നു ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് സമീപത്തുള്ളവരാണ് പുനലൂര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കാണുന്നത്.