IndiaNEWS

ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്, ഉഷ്‌ണതരംഗം വരുന്നു; താപനിലയിലെ അസാധാരണമായ വർധനവ് ഇന്ത്യയുടെ 90 ശതമാനം പ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കും

   കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന താപനിലയിലെ അസാധാരണമായ വർധനവ് ഇന്ത്യയുടെ 90 ശതമാനം പ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. രാജ്യം കത്തുന്ന ചൂടിൽ ഉഴറുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ. 48-ലധികം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം  42 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന താപനില ഒഡീഷയിലാണ്, 44.2.

റിപ്പോർട്ട് അനുസരിച്ച്, ഉഷ്‌ണ തരംഗങ്ങൾ ജനങ്ങളുടെ ഉൽപാദനക്ഷമത, ആരോഗ്യം, ക്ഷേമം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയെ ഗുരുതരമായി തടസപ്പെടുത്തുകയും ചെയ്യും. യു.കെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

Signature-ad

ഇന്ത്യ സാധാരണയായി കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യത വിലയിരുത്തുന്നത് ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) രൂപകല്പന ചെയ്ത സൂചികയായ സിവിഐയിലൂടെയാണ്. ഈ സൂചിക അനുസരിച്ച്, രാജ്യത്തിന്റെ ഏകദേശം 20 ശതമാനം കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകാൻ സാധ്യതയുണ്ട്, എന്നാൽ ഉഷ്‌ണ സൂചിക പ്രകാരം ഇന്ത്യയുടെ 90 ശതമാനവും അപകടമേഖലയിലാണ് എന്ന് ഗവേഷകർ പറഞ്ഞു. 32 ദശലക്ഷം ജനസംഖ്യയുള്ള ഡെൽഹിയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും കടുത്ത ഉഷ്ണതരംഗത്തിന്റെ ഭീഷണിയിലാണെന്ന് റിപ്പോർട്ട് കാണിക്കുന്നു.

സമതലങ്ങളിൽ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലും തീരപ്രദേശങ്ങളിൽ കുറഞ്ഞത് 37 ഡിഗ്രി സെൽഷ്യസിലും മലയോര മേഖലകളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസിലും എത്തുമ്പോഴാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകുന്നത്. വടക്കുപടിഞ്ഞാറൻ, ഉപദ്വീപ് പ്രദേശങ്ങൾ ഒഴികെ ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ മാസമാദ്യം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സാധാരണയിലും ഉയർന്ന താപനില പ്രവചിച്ചിരുന്നു. ഈ കാലയളവിൽ മധ്യ, കിഴക്ക്, വടക്ക് പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ചൂടേറിയ കാറ്റുള്ള ദിവസങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ 1901-ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂട് 2023 ഫെബ്രുവരിയിൽ അനുഭവപ്പെട്ടു.

Back to top button
error: