LocalNEWS

ഭാര്യയ്ക്ക് രാപ്പകലില്ലാതെ മർദ്ദനം, പരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെവിട്ട് കടിപ്പിച്ച് ഭർത്താവ്

   വയനാട് ജില്ലയിലെ വനിതാസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർക്കും കൗൺസിലർ നാജിയ ഷിറിനും ഇന്നലെ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരാനുഭവമാണ്‌.  ഭർത്താവ് അതി ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതി അന്വേഷിക്കാൻ വേണ്ടിയാണ് ഇരുവരും  മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസിന്റെ വീട്ടിലെത്തിയത്.

ഭർത്താവ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ജോസിന്റെ ഭാര്യ കഴിഞ്ഞമാസം വനിതാസംരക്ഷണ ഓഫീസിൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായി പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ജോസിനെ ലഭിക്കാതെ വന്നതോടെയാണ് മായയും നാജിയയും വീട്ടിൽ നേരിട്ടു ചെന്ന് അന്വേഷിക്കാൻ പുറപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോൾ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു. പട്ടി നേരെ മായയെ ആക്രമിച്ചു. പത്തുമിനിറ്റുനേരം പട്ടിയുമായി മൽപ്പിടുത്തം നടത്തേണ്ടി വന്നെന്നും  കാലിൽ രണ്ടിടത്ത് കടിയേറ്റതായും മായ പറയുന്നു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗൺസിലർ നാജിയ ഷിറിനെയും പട്ടി കടിച്ച് പരിക്കേൽപ്പിച്ചു.
ആരും രക്ഷിക്കാനില്ലെന്ന അവസ്ഥയായതോടെ നാജിയ ഇവർ വന്ന വാഹനത്തിന്റെ ഡ്രൈവറെ വിളിച്ച് ബഹളംവച്ചു. ഇത്രയൊക്കെ പ്രശ്നമുണ്ടായപ്പോഴും ജോസ് എല്ലാം കണ്ട് രസിച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ ബഹളം കേട്ടെത്തിയ നാട്ടുകാർ പട്ടിയെ ഓടിച്ചുവിടാൻ തുനിഞ്ഞെങ്കിലും വിജയിച്ചില്ല.

ഇതിനിടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിൽ കയറിയതുകൊണ്ടാണ് കൂടുതൽ ഗുരുതരമായ നിലയിലെത്താതെ  രക്ഷപ്പെട്ടതെന്ന് വനിതാസംരക്ഷണ ഓഫീസർ മായ പറഞ്ഞു. രണ്ടു സ്ത്രീകളെ നായ ആക്രമിക്കുന്നതു കണ്ടിട്ടും ജോസിനു യാതൊരു മനസ്ഥാപവും തോന്നിയില്ല. മാത്രമല്ല സഹായത്തിനു കേണപേക്ഷിച്ചിട്ടും ജോസ് മുഖം തിരിക്കുകയായിരുന്നു. ഒടുവിൽ ഇനി പോലീസിനോട് കാര്യങ്ങൾ പറഞ്ഞാൽ മതിയല്ലോ എന്ന് പറഞ്ഞതോടെയാണ് ജോസ് പട്ടിയെ പിടിക്കാൻ തയ്യാറായത്. നാജിയ ഷിറിനും മായയും കല്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിനുശേഷം മേപ്പാടി എസ്.ഐ. വി.പി. സിറാജ് എത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് (വ്യാഴം) കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വീട്ടിൽ സ്ഥിരംപ്രശ്നക്കാരനാണ് ജോസെന്നും പോലീസ് പറഞ്ഞു.

Back to top button
error: