ജയ്പുര്‍: വ്ളോഗറായ കൊറിയന്‍ യുവതിക്ക് നേരേ യുവാവിന്റെ നഗ്നതാപ്രദര്‍ശനം. രാജസ്ഥാനിലെ ജോധ്പുരില്വെച്ച് വ്ളോഗിന്റെ ചിത്രീകരണം നടത്തുന്നതിനിടെയാണ് യുവതിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തിന്റെ വീഡിയോ യുവതി പുറത്തുവിട്ടതോടെ സാമൂഹികമാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയായി. പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന് പോലീസും അറിയിച്ചു.
ജോധ്പുരിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതി വ്ളോഗ് ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് പിന്തുടര്‍ന്നെത്തിയത്. തുടര്‍ന്ന് യുവാവിന് വഴി നല്കി യുവതി തന്റെ ചിത്രീകരണം തുടര്‍ന്നു. എന്നാല്‍, പിന്നീട് വഴിയില്‍ കാത്തുനിന്ന യുവാവ് ലൈംഗികാവയവം പുറത്തെടുത്ത് യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഈ അതിക്രമങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ യുവതിയുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങള്‍ സഹിതം യുവതി വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊറിയന്‍ വ്ളോഗറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സ്വാതി മലിവാള്‍ രാജസ്ഥാന് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന് പോലീസ് അറിയിച്ചത്.