Movie

വേർപിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കാനുള്ള ഇരട്ടക്കുട്ടികളുടെ തന്ത്രം, ശശികുമാറിന്റെ ‘സേതുബന്ധനം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 49 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

  ശശികുമാറിന്റെ ‘സേതുബന്ധന’ത്തിന് 49 വർഷപ്പഴക്കം. 1974 ഏപ്രിൽ 19 നായിരുന്നു റിലീസ്. ‘ദ പേരന്റ് ട്രാപ്’ എന്ന ഹോളിവുഡ് ചിത്രത്തെ ആസ്പദമാക്കി തമിഴിൽ വന്ന ‘കുഴന്തൈയും ദൈവമും’ (1965) എന്ന ചിത്രത്തിന്റെ റീമേയ്ക്കാണ് ‘സേതുബന്ധനം’. ശ്രീകുമാരൻ തമ്പി സംഭാഷണങ്ങളും ഗാനങ്ങളും എഴുതി. വേർപിരിഞ്ഞ അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാൻ ഇരട്ടക്കുട്ടികൾ നടത്തുന്ന അന്യോന്യം മാറൽ ശ്രമങ്ങളാണ് ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ കാതൽ.

ഇരട്ട പെൺകുട്ടികൾ ജനിച്ചതിന് ശേഷവുമുള്ള അമ്മായിയമ്മ ഭരണത്തിൽ (സുകുമാരി) പൊറുതി മുട്ടിയ നസീർ, ജയഭാരതിയുമായുള്ള വിവാഹബന്ധം വിച്ഛേദിക്കുന്നു. പോകുമ്പോൾ ഇരട്ടകളിലൊന്നിനെ കൂടെക്കൊണ്ടു പോയി. കുട്ടികൾ വളർന്ന് (ബേബി സുമതി ഡബിൾ റോളിൽ), സ്‌കൂളിൽ ഒരു ക്‌ളാസ്സിലാണ്. എക്സ്കർഷന് പോയപ്പോൾ ഇരുവരും പ്ളാൻ ചെയ്‌ത്‌ ആൾമാറാട്ടം നടത്തി അവരവരുടേതല്ലാത്ത വീടുകളിലേയ്ക്ക് പോകുന്നു. കുട്ടികൾ മുഖേന അച്ഛനും അമ്മയും ഒന്നിച്ചു. അമ്മായിയമ്മ പിടിവാശി ഉപേക്ഷിക്കുകയും ചെയ്‌തു.

ദേവരാജന്റെ പാട്ടുകളിൽ ‘പിഞ്ചുഹൃദയം ദേവാലയം’ നിത്യഹരിതമായി. മുൻകോപക്കാരി, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, മഞ്ഞക്കിളീ സ്വർണ്ണക്കിളീ തുടങ്ങിയ ഗാനങ്ങൾ ഇന്നും ആസ്വാദകമനസുകളിലുണ്ട്.

ബേബി സുമതി ഇപ്പോൾ അമേരിക്കയിലാണെന്നറിയുന്നു. ബേബി സുമതിയുടെ കുറവ് ബേബി ശാലിനി നികത്തിയപ്പോഴും, ‘സേതുബന്ധനം’ പല രീതിയിൽ വീണ്ടും അവതരിച്ചിട്ടുണ്ട് മലയാളത്തിൽ.

ജർമ്മൻ നോവലായ ‘ലിസ ആൻഡ് ലോട്ടി’യാണ് പിന്നീട് ഹോളിവുഡിൽ ദ പേരന്റ് ട്രാപ് എന്ന സിനിമയായത്. ഇതേ കഥ 8 സിനിമകൾക്ക് ജന്മം നൽകി. ഇന്ത്യയിൽത്തന്നെ പല ഭാഷകളിലായി 5 ചിത്രങ്ങളിറങ്ങി.

Back to top button
error: