മംഗ്‌ളുറു: അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ധാര്‍വാഡ് സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനയ് കുല്‍ക്കര്‍ണി മണ്ഡലത്തില്‍ പ്രവേശിക്കാന്‍ അനുമതി തേടി സമര്‍പിച്ച ഹരജി ചൊവ്വാഴ്ച ജനപ്രതിനിധികളുടെ പ്രത്യേക കോടതി തളളി. ധാര്‍വാഡ് ജില്ലയില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്കുള്ള സാഹചര്യത്തിലാണിത്. മുന്‍മന്ത്രിയായ കുല്‍ക്കര്‍ണി ധാര്‍വാഡ് ജില്ല പഞ്ചായത് അംഗം യോഗേഷ് ഗൗഡ ഗൗഢര്‍ വധക്കേസില്‍ ഒന്നാം പ്രതിയാണ്.
ധാര്‍വാഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെ സുപ്രീം കോടതി ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് അജയ് റസ്റ്റോഗി എന്നിവരുടെ ബെഞ്ച് 2021 ഓഗസ്റ്റ് 11ന് അനുവദിച്ച ജാമ്യത്തിലാണ് ഇദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങിയത്. ഗൗഡ വധക്കേസില്‍ സി.ബി.ഐ കുല്‍ക്കര്‍ണിയെ ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പിച്ചത് 2020 മെയ് 20നാണ്. ആ വർഷം നവംബര്‍ 5നായിരുന്നു അറസ്റ്റ്. ജില്ലാ പഞ്ചായത് ഹെബ്ബള്ളി ഡിവിഷന്‍ ബിജെപി അംഗമായിരുന്ന യോഗേഷ് ഗൗഡ 2016 ജൂണ്‍ 15നാണ് ജിമ്മില്‍ നിന്നിറങ്ങി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്