LocalNEWS

കോട്ടയത്ത് ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4.57 കോടിയുടെ വികസനപ്രവർത്തനങ്ങൾ

കോട്ടയം: 2022- 23 സാമ്പത്തികവർഷം മത്സ്യ ബന്ധന മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4,57,38,940 രൂപയുടെ വികസന പ്രവർത്തനങ്ങൾ. മത്സ്യസമ്പത്ത് പരിപാലനം, സംരക്ഷണം, വർധന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയ്ക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പാക്കിയത്. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലന പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ മത്സ്യസങ്കേതങ്ങളും കക്കാസങ്കേതങ്ങളും സ്ഥാപിക്കുകയും പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. 22.29 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു.

വേമ്പനാട് കായലിൽ ആറുമത്സ്യ സങ്കേതങ്ങളും ആറു കക്കാ സങ്കേതങ്ങളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങൾ, നാല് ലക്ഷം കാർപ്പ് കുഞ്ഞുങ്ങൾ എന്നിവ പൊതുജലാശയങ്ങളിലെ മൂന്ന് കടവുകളിലായി നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സമ്പാദ്യസമാശ്വാസ പദ്ധതിയിലൂടെ 256 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് 34,15,500 രൂപ വിതരണം ചെയ്തു. അനധികൃത മത്സ്യബന്ധനം, മല്ലി കക്കാ വാരൽ, പാടശേഖരങ്ങളിലെ മടവല, കൂട് ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ തടയുന്നതിനായി ജില്ലയിൽ 73 കായൽ പട്രോളിംഗ് നടത്തി. ഇതിനായി 1,98,390 രൂപ ചെലവഴിച്ചു.

Signature-ad

ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികളിലൂടെ വിവിധ തരം മത്സ്യകൃഷികൾക്കായി 1,50,72,450 രൂപ സബ്സിഡി ഇനത്തിൽ മത്സ്യകർഷകർക്കായി നൽകി. ഈ പദ്ധതികളുടെ ഭാഗമായി 161.53 ഹെക്ടറിൽ ശുദ്ധജല മത്സ്യകൃഷിയും 255 യൂണിറ്റ് പടുതാക്കുളങ്ങളിലെ മത്സ്യ കൃഷിയും 375 യൂണിറ്റ് ബയോഫ്ളോക്ക് മത്സ്യകൃഷിയും 28 യൂണിറ്റ് റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റവും 96 യൂണിറ്റ്
കൂട് മത്സ്യകൃഷിയും 2500 ഹെക്ടറിൽ ഒരു നെല്ലും ഒരു മീനും പദ്ധതിയും ജില്ലയിൽ നടപ്പാക്കിയിട്ടുണ്ട്. ജനകീയ മത്സ്യകൃഷി കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി പ്രകാരം മത്സ്യകർഷകരുടെ പരിശീലനത്തിനായി 48,830 രൂപ ചെലവഴിച്ചു.

തീരോന്നതി പദ്ധതിയിലൂടെ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കായി വിവിധ ബോധവത്ക്കരണപരിപാടികൾ സംഘടിപ്പിക്കുന്നതിനായി 45,267 രൂപ ചെലവഴിച്ചു. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിവിധ പദ്ധതികളിലൂടെ വിദ്യാഭ്യാസ ആനുകൂല്യം നൽകി. ഒന്നു മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ലപ്സം ഗ്രാന്റ് ആയി 3,42,746 രൂപ വിതരണം ചെയ്തു. 160 വിദ്യാർത്ഥികൾക്കാണ് ഗ്രാന്റ് ലഭിച്ചത്. പ്ലസ് വൺ മുതൽ പൊഫഷണൽ കോഴ്സുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യമായി 90,99,913 രൂപ നൽകി. 256 വിദ്യാർത്ഥികൾക്കാണ് ഈ അനുകൂല്യം ലഭിച്ചത്. വിദ്യാതീരം പദ്ധതിയിലൂടെ 93 മെഡിക്കൽ എൻട്രൻസ് വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി 80,82,320 രൂപ ചെലവഴിച്ചു. നൂറ് വിദ്യാർത്ഥികൾക്ക് വിദ്യാതീരം കരിയർ ഗൈഡൻസ് പദ്ധതിക്കായി 28,260 രൂപയും ചെലവഴിച്ചു.

പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിലൂടെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോ ഫ്ളോക്ക് മത്സ്യ കൃഷി, പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യ കൃഷി, സംയോജിത അലങ്കാര മത്സ്യ കൃഷി, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യ കൃഷി, ഓരുജല കൂട് മത്സ്യ കൃഷി എന്നീ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്കായി 66,99,273 രൂപ സബ്സിഡി ഇനത്തിൽ അനുവദിച്ചു. ഫിഷറീസ് വകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌ക്വാഡ് 138 മത്സ്യ മാർക്കറ്റുകളും മത്സ്യ വിപണന സ്റ്റാളുകളും പരിശോധന നടത്തുകയും ഭക്ഷ്യയോഗ്യമല്ലാത്ത 846.9 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും 43 സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാവകുപ്പ് ശേഖരിക്കുകയും ചെയ്തു.

Back to top button
error: