KeralaNEWS

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടനെ ഇറങ്ങും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോട് അന്വേഷണം ആരംഭിക്കും. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. സംസ്ഥാനാനന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍ഐഎ വിശദമായി അന്വേഷിക്കും.

നേരത്തെ തന്നെ എന്‍ഐഎ ഒരു പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Signature-ad

അതേപോലെ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് നടത്തിയിട്ടുള്ള സുപ്രധാന കണ്ടെത്തലുകളും നിഗമനങ്ങളുമാണ് എന്‍ഐഎ അന്വേഷണത്തിന് നിര്‍ണായകമായത്. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കുറ്റകൃത്യം നടത്തിയിട്ടുള്ള ഷാറുഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനാണെന്നും മതപരമായ തീവ്രനിലപാടുകളുടെ സ്വാധീനം ഇയാള്‍ക്കുമേലുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ആക്രമണം നടത്തിയിട്ടുള്ളത് എന്ന പൊലീസിന്റെ നിഗമനം കൂടി കണക്കിലെടുത്താണ് വിപുലമായ അന്വേഷണം നടത്താന്‍ എന്‍ഐഎ തീരുമാനിച്ചത്.

അതേസമയം, ഷാറുഖ് സെയ്ഫിയുടെ പോലീസ് കസ്റ്റഡി ഇന്നവസാനിക്കും. കസ്റ്റഡി നീട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയേക്കില്ല. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും.

Back to top button
error: