കോഴിക്കോട്: ഝാര്‍ഖണ്ഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പിടിയില്‍. അതിഥിതൊഴിലാളി ക്യാമ്പില്‍, കഴിഞ്ഞ ഒന്നരമാസമായി കഴിയുകയായിരുന്ന അജയ് ഒരോണ്‍ ആണ് പിടിയിലായത്. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാന്‍ഡറാണ് ഇയാള്‍.
ഝാര്‍ഖണ്ഡ് പോലീസിന്റെ അപേക്ഷ പ്രകാരം പന്തീരാങ്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും.
കല്‍പ്പണി ചെയ്ത് പന്തീരാങ്കാവില്‍ കഴിയുകയായിരുന്ന ഇയാള്‍, കൈമ്പലത്തുള്ള മരമില്ലിന് സമീപമുള്ള വാടക മുറിയില്‍ നിന്നാണ് പിടിയിലാകുന്നത്. ആയുധ നിയമപ്രകാരമുള്ള കേസില്‍ നേരത്തെ 11 മാസം ഇയാള്‍ ജയിലിലായിരുന്നു. 2019-ന് ശേഷം നാലുതവണ ഇയാള്‍ കേരളത്തില്‍ വന്നതായാണ് വിവരം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അജയ് എന്ന് പോലീസ് അറിയിച്ചു.