Breaking NewsKeralaLead NewsNEWSpolitics

കെസി കളിക്കുന്നത് അപകടകരമായ ഒരു സ്ട്രാറ്റജി, പിടിവിട്ടാൽ കെ മുരളീധരനെപോലെ കെസി ​ഗതികിട്ടാതെ അലയും…

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കോൺ​ഗ്രസ് പ്രവർത്തകർ ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്, പഴയ പഞ്ചാബ് മോഡൽ കേരളത്തിലും നടപ്പിലാവുമോ എന്ന്. പഴയതെന്നു വച്ചാൽ ഒത്തിരി പഴയതൊന്നുമല്ല, ഇത് ഈ അടുത്ത കാലത്ത് രാഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ കെ സി വേണു​ഗോപാലും കൂട്ടരും പഞ്ചാബിൽ കോൺ​ഗ്രസിനെ വേരോടെ അറുത്തെടുത്ത കഥയാണ്.

പഞ്ചാബിൽ ശിരോമണി അകാലിദളും കോൺ​ഗ്രസും തമ്മിലാണ് എക്കാലത്തും അധികാരത്തിനായി പോരാട്ടം നടത്തിയിരുന്നത്. ഇരുകൂട്ടരും മാറിമാറി അധികാരം പങ്കിട്ടിരുന്ന പഞ്ചാബിൽ ബിജെപി വളരെ ചെറിയ ഒരു ജൂനിയർ സഖ്യകക്ഷി ആയിരുന്നു. എന്നാൽ 2020 കാലഘട്ടത്തിൽ അവിടെ മുഖ്യമന്ത്രിയായി പഞ്ചാബ് കോൺ​ഗ്രസിനെ നയിച്ചിരുന്ന അമരീന്ദർ സിം​ഗിനെ ഒതുക്കാനായി കോൺ​ഗ്രസ് ദേശീയ നേതൃത്വം മുൻ ക്രിക്കറ്ററായ നവജ്യോത് സിദ്ദുവിനെ PCC അധ്യക്ഷനാക്കുകയും ചരൻജിത് സിം​ഗ് ഛന്നി എന്നൊരാളെ മുഖ്യമന്ത്രി ആക്കുകയും ചെയ്തു. അതോടെ അമരീന്ദർ പാർട്ടി വിടുകയും പുതിയ പാർട്ടി ഉണ്ടാക്കുകയും ചെയ്തു.

Signature-ad

അതോടെ 2022 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് മുമ്പത്തെ 59 സീറ്റിൽ നിന്ന് 18 ലേക്ക് ഒതുങ്ങുകയും ആം ആദ്മി പാർട്ടി കോൺ​ഗ്രസ് പാർട്ടിയുടെ വോട്ടുകൾ ഒന്നടങ്കം ചോർത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ സിദ്ദുവും പാർട്ടി വിട്ടു. അതോടെ അമരീന്ദറിനെ ഒതുക്കി പഞ്ചാബിൽ പാർട്ടി പിടിക്കാൻ നോക്കിയ വേണു​ഗോപാലിന്റെ പ്രവൃത്തി ഓപറേഷൻ സക്സസ് പക്ഷേ രോ​ഗി മരിച്ചു എന്ന അവസ്ഥയിലായി. പഞ്ചാബിൽ ഏറ്റവും ശക്തമായ പാർട്ടി ആയിരുന്ന കോൺ​ഗ്രസ് നാമാവശേഷമായി. ഇപ്പോൾ അടുത്ത തെരഞ്ഞെടുപ്പ് വരുന്നതോടെ ബിജെപി ആംദ്മി പാർട്ടിയെ ഹൈജാക്ക് ചെയ്ത് പഞ്ചാബ് പിടിച്ചടക്കാൻ പോവുകയുമാണ്. നേരിട്ട് കോൺ​ഗ്രസിനോട് ഏറ്റുമുട്ടി വിജയിക്കാൻ കഴിയാത്തിടത്തൊക്കെ ബിജെപി പയറ്റുന്ന തന്ത്രമാണിത്. ആദ്യം ഏതെങ്കിലും ചെറിയ പാർട്ടിയെക്കൊണ്ട് കോൺ​ഗ്രസിനെ വീഴ്ത്തും, എന്നിട്ട് ആ പാർട്ടിയെ അപ്പാടെ വിഴുങ്ങും. ഡൽഹിയിലും ഇതാണ് സംഭവിച്ചത്. ഇപ്പോൾ കേരളത്തിലും ആ ചരിത്രം ആവർത്തുക്കുകയാണോ എന്നതാണ് കോൺ​ഗ്രസ് പ്രവർത്തകരെ ആശങ്കപ്പെടുത്തുന്ന കാര്യം.

ബർണാഡ്ഷായുടെ വിഖ്യാതമായ ഒരു പ്രസ്താവനയുണ്ട്. ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രത്തിൽ നിന്നും നാം പഠിക്കുന്ന പാഠം എന്നത്. ഇതിപ്പോൾ ഓർക്കാൻ കാരണം കേരളത്തിൽ ഇനിയും ഫലം പ്രഖ്യാപിച്ചിട്ടില്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടർച്ചയായി ആര് മുഖ്യമന്ത്രി ആവണം എന്ന തർക്കവുമായി കോൺ​ഗ്രസ് നേതാക്കൾ കളം നിറയുന്നത് കണ്ടതാണ്.

നിലവിൽ നിയമസഭയിലേക്ക് മത്സരിക്കുന്ന നിലവിലെ പ്രതിപക്ഷ നേതാവായ വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും കൂടാതെ നിലവിലെ KPCC പ്രസിഡന്റ് ആയ സണ്ണി ജോസഫും ഇത്തവണ വിജയിച്ചാൽ നിയമസഭയിലുണ്ടാവേണ്ടതാണ്. സ്വാഭാവികമായും ഇവർക്കിടയിൽ നേതൃസ്ഥാനത്തിനു വേണ്ടി ഒരു മത്സരം സ്വാഭാവികമായും ഉണ്ടാവാം, അതിൽ കുറ്റം പറയാനും കഴിയില്ല. കോൺ​ഗ്രസാണ്, സിപിഎം പോലെ കേഡർ സ്വഭാവമോ നേതൃത്വം പറയുന്നത് കേട്ട് പഞ്ചപുച്ഛമടക്കി നിൽക്കലോ ഒന്നും ഇവിടെ നടപ്പില്ല. അതുകൊണ്ട് തന്നെ നേതാക്കളുടെ അറിവോടെയും അല്ലാതെയും വിവിധ തരം ലോബിയിം​ഗ് ഉണ്ടാവുക ഉറപ്പായ കാര്യമാണ്. എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകളിൽ മറ്റൊരു പേര് കൂടെ ഉള്ളതാണ് ഏറ്റവും കൗതുകകരമായി തോന്നിയത്.

സംഘടനാ ചുമതലയുള്ള AICC ജനറൽ സെക്രട്ടറിയും നിലവിൽ ആലപ്പുഴ നിന്നുള്ള ലോക്സഭ എംപിയുമായ കെസി വേണു​ഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചരടുവലികൾ സജീവമാക്കിയിരിക്കുകയാണ്. നിലവിൽ നിയമസഭയിലേക്ക് മത്സരിക്കാത്ത വേണു​ഗോപാൽ UDF ന് ഭൂരിപക്ഷം കിട്ടുന്ന പക്ഷം ഹൈക്കമാന്റിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുമെന്നും ഇരിക്കൂറിലെ MLA യെ രാജിവപ്പിച്ച് അവിടെ മത്സരിച്ച് നിയമസഭയിലെത്തുമെന്നും ഒക്കെയാണ് കേൾക്കുന്നത്.

ഇരിക്കൂറിൽ നിന്ന് നിലവിൽ ജനവിധി തേടുന്ന സജീവ് ജോസഫിന് പകരമായി രാജ്യസഭ സീറ്റ് നൽകുമെന്നും പറയുന്നു. നിലവിൽ കോൺ​ഗ്രസിനെ ദേശീയ തലത്തിൽ നയിക്കുക എന്ന ദൗത്യമാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ പ്രധാന ദൗത്യം. ആ ചുമതലയിൽ നിന്നാണ് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് വേണു​ഗോപാൽ ഇടിച്ചു കയറാൻ ശ്രമിക്കുന്നത്. ഇവിടെ കഴിവുള്ള അർഹരായ നേതാക്കളുടെ ദൗർബല്യമുള്ള സാഹചര്യമാണെങ്കിൽ സമ്മതിക്കാവുന്നതാണ്. എന്നാൽ നിലവിൽ ഇവിടെ തന്നെ അർഹതയുള്ള പരിചയസമ്പന്നരായ ഒന്നിലേറെ നേതാക്കൾ ആ സ്ഥാനത്തേക്കുണ്ടാവുകയും അവർ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ വേണു​ഗോപാലിന്റെ ഈ നീക്കം കേരളത്തിലെ കോൺ​ഗ്രസിന്റെ അടിവേരറുക്കാനേ ഉപകരിക്കൂ എന്നതിൽ സംശയമില്ല.

വേണു​ഗോപാൽ മത്സരിക്കാതെ മുഖ്യമന്ത്രി ആവാൻ പോകുമ്പോൾ ഓർക്കേണ്ട ഒരു ചരിത്രമുണ്ട്. മുമ്പ് കെ കരുണാകരൻ രാജി വച്ച സമയത്ത് A K ആന്റണി മുഖ്യമന്ത്രി ആയപ്പോൾ MLA ആയിരുന്നില്ല, പിന്നീട് മത്സരിച്ചു ജയിക്കുകയായിരുന്നു. അതുപോലെ അന്ന് പിന്നാലെ മുഖ്യമന്ത്രി ആയിരുന്ന E K നായനാരും മന്ത്രി ആയ ശേഷം പിന്നീട് മത്സരിച്ച് വിജയിക്കുകയായിരുന്നു. എന്നാൽ വേണുിഗോപാൽ ഓർക്കേണ്ട ചരിത്രം അതല്ല. 2004 ൽ KPCC പ്രസിഡന്റ് ആയിരുന്ന K മുരളീധരൻ ആ സ്ഥാനം രാജിവച്ച് ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആവാൻ ശ്രമിച്ച ചരിത്രമുണ്ട്. അന്ന് MLA അല്ലാതിരുന്ന മുരളീധരൻ വടക്കാഞ്ചേരിയിൽ MLA ആയിരുന്ന ബാൽറാമിനെ രാജിവപ്പിച്ച് മത്സരിച്ച് തോൽക്കുകയും പിന്നാലെ നാണം കെട്ട് മന്ത്രി സ്ഥാനം രാജിവക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. അതോടെ കേരള രാഷ്ട്രീയത്തിൽ നേതൃനിരയിലേക്ക് കുതിക്കുകയായിരുന്ന മുരളീധരന് പിന്നീട് പാർട്ടിയിൽ നിന്ന് തന്നെ രാജിവച്ച് പോകേണ്ടി വരുകയും പിന്നാലെ പല പാർട്ടികളിലായി ​ഗതികിട്ടാ പ്രേതം പോലെ അലയേണ്ടി വരുകയും ചെയ്തു. ഒടുവിൽ രമേഷ് ചെന്നിത്തല ഇടപെട്ടാണ് ഏറെ വർഷങ്ങൾക്ക് ശേഷം മുരളീധരൻ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ പിന്നീടൊരിക്കലും മുരളീധരന് മന്ത്രി ആവാനും കഴി‍ഞ്ഞിട്ടില്ല.

കഴിഞ്ഞ വർഷം ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ കെസി വേണു​ഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എംപി ആയിരുന്നു. മൂന്നു വർഷത്തോളം കാലാവധി ഉള്ളപ്പോഴാണ് ആ സ്ഥാനം രാജി വച്ച് ആലപ്പുഴയിൽ മത്സരിച്ചത്. കെസി രാജി വച്ച ഒഴിവിൽ പിന്നീട് രാജസ്ഥാനിൽ നിന്നും ബിജെപി ആണ് എംപിയെ വിജയിപ്പിച്ച് രാജ്യസഭയിലെത്തിച്ചത്. ഇനി ആ ലോ്കസഭ സീറ്റ് രാജിവച്ച് മുഖ്യമന്ത്രിയായി നിയമസഭയിലേക്ക് മത്സരിച്ചാൽ ഒരുപക്ഷേ ആ ലോക്സഭ സീറ്റും നഷ്ടമാവും. കോൺ​ഗ്രസിലെ ​ഗ്രൂപ്പ് വൈരം മുതലെടുത്ത് കെസി ഇരിക്കൂറിൽ എന്നല്ല എവിടെ മത്സരിച്ചാലും ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും എതിരാളികൾ ശ്രമിക്കും. അതിൽ അവർ വിജയിച്ചാൽ പിന്നെ കെസി ക്ക് സതീശൻ സ്വയം തെരഞ്ഞെടുക്കുമെന്ന് പറഞ്ഞ വനവാസമല്ല ഒറിജിനൽ വനവാസം തന്നെ വേണ്ടി വന്നേക്കും. മാത്രമല്ല ചെലപ്പോൾ ആ തോൽവിയുടെ പേരിൽ കേരളത്തിൽ ഏതെങ്കിലും സീനിയർ നേതാക്കൾക്കെതിരെ നടപടി വന്നാൽ പഞ്ചാബിൽ അമരീന്ദർ ചെയ്തപോലെ പുതിയ പാർട്ടികൾ ഉണ്ടാവുകയും ഒരുപക്ഷേ എൻഡിഎ സാഹചര്യം മുതലെടുത്ത് മുന്നോട്ട് വരാനും മതി. ഇതാണ് ആദ്യം പറഞ്ഞ പഞ്ചാബ് മോഡൽ ഇവിടെ ആവർത്തിക്കുമോ എന്ന ആശങ്കയുടെ അടിസ്ഥാനം. നിലവിൽ കെസി കളിക്കുന്നത് അപകടകരമായ ഒരു സ്ട്രാറ്റജി ആണ്. അത് കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്തുകയല്ല പകരം അടിത്തറയിളക്കുകയാണ് ചെയ്യുക എന്നത് തിരിച്ചറിഞ്ഞാൽ പാർട്ടിക്ക് കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: