ലഖ്നൗ: കൊടുംകുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. പ്രതികളില്‍ ഒരാളായ സണ്ണിക്ക് ക്വാട്ടേഷന്‍ തലവന്‍ സുന്ദര്‍ ഭാട്ടിയുടെ ഗ്യാംഗുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതീഖ് അഹമ്മദിന്റെ സംഘവുമായി ഭാട്ടിക്കും സംഘത്തിനും ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്.
തുര്‍ക്കിയില്‍ നിന്നുള്ള സെമി ഓട്ടോമാറ്റിക് പിസ്റ്റല്‍ ഉപയോഗിച്ചാണ് അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരായ പ്രതികള്‍ക്ക് എവിടെ നിന്നുമാണ് വിദേശ നിര്‍മ്മിത തോക്ക് ലഭിച്ചത് എന്നകാര്യത്തില്‍ പോലീസിന് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാട്ടിയുടെ ഗ്യാംഗിലേക്ക് അന്വേഷണത്തെ അടുപ്പിച്ചത്.
സ്ഥിരം ലഹരി ഉപയോഗിക്കാറുള്ള സണ്ണിയെ മാസങ്ങള്‍ക്ക് മുന്‍പ് പോലീസ് അറസ്റ്റ് ചെയ്ത് ഹമിര്‍പൂര്‍ ജയിലില്‍ അടച്ചിരുന്നു. ഈ സമയം ഭാട്ടിയും ഇതേ ജയിലില്‍ ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും കണ്ടതെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് സണ്ണിയേയും സംഘത്തില്‍ ചേര്‍ത്തുകയായിരുന്നു. സണ്ണി വഴി മറ്റ് രണ്ട് പേരും ഈ ഗ്യാംഗിലെത്തി.
കൊടും കുറ്റവാളിയായ ഭാട്ടിയുടെ പക്കല്‍ എ.കെ 47 ഉള്‍പ്പെടെയുളള വന്‍ ആയുധ ശേഖരം ഉണ്ട്. പിസ്റ്റല്‍ ഉപയോഗിക്കാന്‍ സണ്ണിക്കും മറ്റ് പ്രതികള്‍ക്കും ഇവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നും അന്വേഷണ സംഘം കരുതുന്നു. സണ്ണിക്ക് ഭാട്ടി ഗ്യാംഗുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.