കൊച്ചി: ദുഃഖവെള്ളിയാഴ്ച പൂര്‍ത്തിയാക്കാനാകാതെ പോയ മലയാറ്റൂര്‍ കുരിശുമുടി കയറ്റം പുതു ഞായര്‍ ദിനത്തില്‍ പൂര്‍ത്തിയാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം ഇന്ന് മലയാറ്റൂര്‍ കുരിശുമുടി കയറിയത്. മലയാറ്റൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്ന് മലകയറ്റത്തറ്റിനുശേഷം രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസാദം പദ്ധതിയുടെ ഗുണം തീര്‍ഥാടന കേന്ദ്രത്തിനു ലഭിക്കാത്തതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് രാധാകൃഷ്ണന്‍ കുരിശുമുടി തീര്‍ഥാടനത്തിന് എത്തിയത്.
ദുഃഖ വെള്ളി ദിവസം രാധാകൃഷ്ണനും സംഘവും മല കയറാന്‍ എത്തിയെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് അദ്ദേഹം വീണ്ടും മലകയറിയത്. അന്ന് ന്യൂനപക്ഷ മോര്‍ച്ചാ നേതാക്കളോടൊപ്പം മലകയറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, 14 സ്ഥലങ്ങളുള്ള തീര്‍ഥാടന പാതയില്‍ ഒന്നാം സ്ഥലത്തുവച്ച് തന്നെ രാധാകൃഷ്ണന്‍ മലകയറ്റം അവസാനിപ്പിച്ചു. മലകയറ്റം പൂര്‍ത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമര്‍ശനത്തിനു കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിഹാസങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മലകയറ്റത്തിനുശേഷം രാധാകൃഷ്ണന്‍ പ്രതികരിച്ചു.
”കഴിഞ്ഞ പ്രാവശ്യം ഞങ്ങളുടെ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ മലയാറ്റൂര്‍ മല കയറാന്‍ വന്ന സമയത്ത് എനിക്ക് 100 ഡിഗ്രി പനിയുണ്ടായിരുന്നു. അതിനുശേഷം പല വാര്‍ത്തകള്‍ വന്നു. ഒരുപാട് ട്രോളുകള്‍ വന്നു. എന്തായാലും ഞാന്‍ വളരെ സന്തോഷവാനാണ്. നിങ്ങളൊക്കെക്കൂടി ഒരു രാധാകൃഷ്ണപ്പാറയൊക്കെ ഉണ്ടാക്കിത്തന്നു. ശബരിമലയ്ക്കു പോകുമ്പോള്‍ വാവരുണ്ടല്ലോ. അതുപോലെ ഇവിടെ രാധാകൃഷ്ണപ്പാറ ഉണ്ടാക്കിത്തന്നതില്‍ വളരെ സന്തോഷം.” -അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന ഇവിടെ ഇന്നു രാവിലെ ഒരു മരണമുണ്ടായി. ഹൃദയാഘാതമായിരുന്നു കാരണം. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് പോലും കയറാന്‍ കഴിയാത്ത സാഹചര്യമുണ്ട്. തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാര്‍ ഈ തീര്‍ഥാടന കേന്ദ്രത്തെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേരള സര്‍ക്കാരാണ്. അവര്‍ കാണിക്കുന്ന സമ്പൂര്‍ണമായ അനാസ്ഥകൊണ്ട് ആ പണം പൂര്‍ണമായി വിനിയോഗിക്കുവാന്‍ കഴിഞ്ഞിട്ടില്ല” -രാധാകൃഷ്ണന്‍ വ്യക്തമാക്കി.