Fiction

പ്രതിഫലം പ്രതീക്ഷിക്കാതെയും പ്രവർത്തിക്കാം, ജീവിതം മാറ്റിമറിക്കുന്ന ദൈവത്തിന്റെ കയ്യൊപ്പുള്ള സ്പര്‍ശനങ്ങളാവും അത്

വെളിച്ചം

ആ ധനികന് ഒരു വള്ളമുണ്ടായിരുന്നു.  അതിന് പെയിന്റടിക്കാന്‍ അദ്ദേഹം ഒരു യുവാവിനെ ഏല്‍പിച്ചു. അവന്‍  പെയിന്റടിച്ച് വള്ളം മനോഹരമാക്കി.  പെയിന്റടിച്ചുകൊണ്ടിരിന്നപ്പോഴാണ് ഒരു ചെറിയ ദ്വാരം ആ വള്ളത്തില്‍ കണ്ടത്. അവന്‍ പെയിന്റടിച്ചതോടൊപ്പം ആ ദ്വാരം അടയ്ക്കുകയും ചെയ്തു. പെയിന്റിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം അവൻ തന്റെ കൂലിയും വാങ്ങി പോയി.

Signature-ad

പിറ്റേദിവസം ധനികന്റെ രണ്ടുമക്കള്‍ ആ വള്ളമെടുത്ത് കടലില്‍ പോയി.  മക്കള്‍ പോയി കഴിഞ്ഞതിന് ശേഷമാണ് ആ വള്ളത്തിലെ ദ്വാരത്തെ കുറിച്ച് ധനികൻ ഓര്‍മ്മിച്ചത്.  മക്കളെ അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവും അദ്ദേഹം കണ്ടില്ല.  വീട്ടുകാരെല്ലാവരും  ഭയചകിതരായി.  ഒരു മോശം വാര്‍ത്ത തങ്ങളെ തേടി വരുമെന്ന് അവര്‍ ഭയപ്പെട്ടു.  പക്ഷേ, രാത്രി വൈകി അയാളുടെ മക്കള്‍ സുരക്ഷിതരായി തന്നെ തിരിച്ചെത്തി. ധനികൻ ഓടി ചെന്ന് ആ വള്ളത്തിലെ ദ്വാരം നോക്കിയപ്പോള്‍ അത് അടച്ചിരിക്കുന്നത് കണ്ടു.  ആ ദ്വാരം അടച്ചത് ഇന്നലെ വന്ന ആ യുവാവാണെന്ന് മനസ്സിലാക്കിയ ധനികൻ രാത്രി തന്നെ കൈ നിറയെ പാരിതോഷികങ്ങളും പണവുമായി പെയിന്റിങ്ങ് ജോലി ചെയ്ത ആ യുവാവിന്റെ വീട്ടിലേക്ക് ചെന്നു. അയാളുടെ വരവ് യുവാവിനെ അമ്പരപ്പിച്ചു.  താന്‍ കൂലി വാങ്ങിയതാണല്ലോ പിന്നെന്തിനാണ് ഇതെല്ലാം എന്നായി യുവാവ്.
ധനികൻ പറഞ്ഞു:
“ഇത് പെയിന്റടിച്ചതിനുളള കൂലിയല്ല, ആ ബോട്ടിലെ ദ്വാരം അടച്ചതിനുള്ള കൂലിയാണ്.  ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം തിരികെ തന്നെതിന്റെ വിലയാണ്.”

ജീവിതത്തില്‍ കൂലി കിട്ടുവാന്‍ നാം പല ജോലികളും ചെയ്യാറുണ്ട്.  എന്നാല്‍ അതിനപ്പുറമായി വിലമതിക്കാനാകാത്ത ചില പ്രവൃത്തികളുണ്ട്.  ഒരാളുടെ നിറയുന്ന കണ്ണുകള്‍ തുടയ്ക്കാന്‍ കാരണമാകുന്നതും, ഒരു വാക്കിലൂടെ ചിലരുടെ ജീവിതത്തെ ബലപ്പെടുത്തുന്നതുമെല്ലാം ഇത്തരം ചില വിടവുകള്‍ അടയ്ക്കലാണ്.  നമ്മെ സംബന്ധിച്ച് ഒരു വാക്ക്, അല്ലെങ്കില്‍ ചെറിയ പ്രവൃത്തി വളരെ നിസ്സാരമായിരിക്കാം. എന്നാല്‍ ചിലരുടെ ജീവന്‍ നിലനിര്‍ത്താന്‍ ആ വാക്കും പ്രവൃത്തിയും കാരണമാകും.
നമ്മോട് ആവശ്യപ്പെടാതെ തന്നെ നാം ചെയ്യുന്ന ആ പ്രവൃത്തികളായിരിക്കും പലരുടേയും ജീവിതം മാറ്റിമറിക്കുന്നത്. പ്രതിഫലം ആരും തരില്ല എന്നറിഞ്ഞിട്ടും , നമ്മളാണ് ഇത് ചെയ്തതെന്ന് ആരും അറിയുക പോലും ഇല്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ പ്രതിഫലത്തിന് അപ്പുറമായി  ദൈവത്തിന്റെ കയ്യൊപ്പുള്ള സ്പര്‍ശനങ്ങളാണ്.  ഒരു വാക്ക്, ഒരു ചെറിയപ്രവൃത്തി, നമുക്കു സാധിക്കുന്നത്, നമ്മുടെ ശ്രദ്ധയില്‍ പെടുന്നത്, ഒഴിവാക്കി വിടാതെ, ആരും പറയാതെ തന്നെ , വഴി മാറി പോകാതെ  നമുക്ക് ചെയ്യാന്‍ ഇനിയും സാധിക്കട്ടെ.
ദൈവത്തിന്റെ കയ്യൊപ്പുള്ള അത്തരം സ്പര്‍ശനങ്ങള്‍ നമ്മളില്‍ ഇനിയും ബാക്കിയുണ്ടെന്ന് നമുക്ക് തിരിച്ചറിയാം.

നന്മ വിളയുന്ന സന്തോഷഭരിതമായ ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം : നിപു കുമാർ

Back to top button
error: