CrimeNEWS

ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസ്: വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളിൽ വ്യക്തത വരുത്താതെ പൊലീസ്

കോട്ടയം: ജോസ് കെ മാണി എംപിയുടെ മകൻ പ്രതിയായ വാഹനാപകട കേസിലെ വീഴ്ചകൾ തെളിഞ്ഞിട്ടും തുടർ നടപടികളെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. എഫ്ഐആറിലെ കൃത്രിമത്തെ പറ്റിയും, എം പിയുടെ മകൻറെ രക്തപരിശോധന നടത്താതിരുന്നതിനെ പറ്റിയും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങളെ തുടർന്ന് കോട്ടയം എസ്പി അവധിയിലായതിനാൽ മണിമല പൊലീസിൻറെ വീഴ്ചകളുമായി ബന്ധപ്പെട്ട അന്വേഷണവും വൈകുന്ന മട്ടാണ്.

അപകട സ്ഥലത്ത് പോലും ഇല്ലാതിരുന്ന ആളെ വിളിച്ച് സ്റ്റേഷനിൽ കൊണ്ടു പോയി ഒപ്പീടിച്ചു തയാറാക്കിയ എഫ്ഐആറാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന ഘടകം. നാൽപ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവർ എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് മരിച്ച യുവാക്കളുടെ ബന്ധു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്ന പൊലീസ് വാദം ബന്ധു തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരുന്നു. എഫ്ഐആർ ഘട്ടത്തിൽ തന്നെയുണ്ടായ ഗുരുതര വീഴ്ച വ്യക്തമായിട്ടും വീഴ്ച വരുത്തിയവർക്കെതിരായ നടപടിയെ കുറിച്ച് പൊലീസും ആഭ്യന്തര വകുപ്പും മൗനത്തിലാണ്. അപകടത്തിന് ശേഷം യുവാക്കളെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും സന്നദ്ധനായി ജോസ് കെ മാണിയുടെ മകൻ സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്.

എന്നിട്ടും നാൽപ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവർ എന്ന് എഫ്ഐആറിൽ രേഖപ്പെടുത്താൻ പൊലീസിന് മേൽ ആരാണ് സമ്മർദം ചെലുത്തിയത് എന്ന ചോദ്യവും അവശേഷിക്കുന്നു. അവധിയിലുളള കോട്ടയം എസ്പി കെ.കാർത്തിക് മടങ്ങിയത്തിയ ശേഷം വീഴ്ചകളെ പറ്റി അന്വേഷണം ഉണ്ടായേക്കുമെന്ന ഒഴുക്കൻ മറുപടി മാത്രമാണ് പൊലീസ് പങ്കുവയ്ക്കുന്നത്. ജോസ് കെ മാണിയുടെ മകൻറെ രക്ത പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന കാര്യത്തിലും പൊലീസിന് ഉത്തരമില്ല. രക്ത പരിശോധന ഒഴിവാക്കാനാണ് എഫ്ഐആറിൽ ക്രമക്കേട് നടത്തിയത് എന്ന സംശയവും അതുകൊണ്ടു തന്നെ ബലപ്പെടുകയാണ്. കേസിലെ പൊലീസ് വീഴ്ച പകൽ പോലെ വ്യക്തമായിട്ടും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബിജെപിയും വിഷയത്തിൽ മൗനം തുടരുകയുമാണ്. കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിൻറെ പ്രതികരണം സംഭവത്തെ പറ്റി അറിഞ്ഞിട്ടേയില്ലെന്ന മട്ടിലായിരുന്നു.

രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടത്തിലെ പൊലീസ് വീഴ്ച കണ്ടില്ലെന്ന മട്ടിലാണ് കോട്ടയം ജില്ലയിലെ കോൺഗ്രസ് നേതൃത്വവും. ജില്ലാ കോൺഗ്രസ് നേതൃത്വം മൗനം തുടരുന്നതിനിടെ മരിച്ച യുവാക്കളുടെ കുടുംബത്തിന് സാമ്പത്തിക സഹായം സമാഹരിക്കാൻ പാലാ മണ്ഡലം കമ്മിറ്റി രംഗത്തിറങ്ങുകയും ചെയ്തു. ഞങ്ങൾക്ക് മനസാക്ഷിയുണ്ട് എന്ന പേരിലാണ് പാലായിലെ കോൺഗ്രസുകാരുടെ ധനസമാഹരണം.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയർ സഞ്ചരിച്ച ഇന്നോവയുടെ പിന്നിൽ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കൾ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് ബൈക്ക് പിന്നിൽ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Back to top button
error: