KeralaNEWS

യുപിഐ വഴി പണം സ്വീകരിച്ച കടയുടമയുടെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ സ്വകാര്യ ബാങ്ക് പിടിച്ചെടുത്തതായി പരാതി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുപിഐ വഴി പണം സ്വീകരിച്ച കടയുടമയുടെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ സ്വകാര്യ ബാങ്ക് പിടിച്ചെടുത്തതായി പരാതി. വള്ളിക്കാവിൽ ഹോട്ടൽ നടത്തുന്ന അസിൽ അബ്ദുൽലത്തീഫാണ് പരാതിക്കാരൻ. കോഴിക്കോട് കാപ്പാട് സ്വദേശിയായ അസിൽ. വള്ളിക്കാവിൽ അമൃത യൂണിവേഴ്സിറ്റിക്ക് സമീപം കഴിഞ്ഞ നാല് വർഷമായി ഹോട്ടൽ നടത്തി വരികയാണ്. കഴിഞ്ഞ മാസം ആദ്യം ഛത്തീസ്ഗഢ് സ്വദേശിയായ ഒരാൾ കടയിലെത്തി ഭക്ഷണം കഴിച്ചു. ഇതിന്റെ പണം യുപിഐ വഴി അയച്ചതോടെയാണ് അസിൽ പൊല്ലാപ്പ് പിടിച്ചത്.

രണ്ടാഴ്ച്ചക്ക് ശേഷം യുവാവിന്റെ അക്കൗണ്ടിൽ നിന്നും 12500 രൂപ ബാങ്ക് പിടിച്ചു. ഇത്രയും തുക തന്നെ മൈനസ് ബാലൻസുമായി. അസിൽ കാര്യം അന്വേഷിച്ചപ്പോഴാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ഛത്തീസ്ഗഡ് സ്വദേശിയാണ് അക്കൗണ്ടിലേക്ക് പണമയച്ചതെന്നും ഇതേത്തുടർന്നാണ് ബാങ്ക് പണം പിടിച്ചതെന്നും മനസിലായത്. കടയിലെത്തിയ ആളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് യുവാവ് പറയുന്നു.

പൊലീസിനേയും സൈബർ സെല്ലിനേയും അസിൽ സമീപിച്ചു. ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ഇവിടങ്ങളിൽ നിന്നും യുവാവിന് ലഭിച്ചത്. ഛത്തീസ്ഗഡ് പൊലീസിന് മാത്രമേ ഇക്കാര്യത്തിൽ ഇടപെടാനാകൂ എന്നാണ് ബാങ്ക് അധികൃതരും പറയുന്നത്. ആർബിഐ നിർദേശ പ്രകാരമാണ് തുക പിടിച്ചതെന്നുമാണ് ബാങ്കിന്റെ വിശദീകരണം. ഇനി സ്വന്തം അക്കൗണ്ട് ഉപയോഗിക്കണമെങ്കിൽ 12500 രൂപ കൂടി യുവാവ് അടയ്ക്കണം. പുലിവാല് പിടിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അസിൽ.

യുപിഐ ഇടപാടുകൾക്ക് ശേഷം അക്കൗണ്ട് മരവിപ്പിക്കുകയോ വലിയ തുക പിഴയീടാക്കുകയോ ചെയ്യുന്നുണ്ടെന്ന് നിരവധി പേർ പരാതി ഉന്നയിച്ചിരുന്നു. നിരവദി അക്കൗണ്ട് ഉടമകൾക്കാണ് അക്കൗണ്ട് നഷ്ടപ്പെട്ടത്. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ ബാങ്കിനും പൊലീസിനും സാധിക്കുന്നില്ല.

Back to top button
error: