CrimeNEWS

പ്രണയത്തില്‍നിന്നു പിന്‍മാറാന്‍ കാമുകന് കാമുകിയുടെ ക്വട്ടേഷന്‍; ഏഴു പേര്‍ പിടിയില്‍

തിരുവനന്തപുരം: പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച് എറണാകുളത്ത് റോഡരികില്‍ തള്ളിയ കേസില്‍ അഞ്ചുപ്രതികള്‍കൂടി അറസ്റ്റില്‍. ഒളിവില്‍ക്കഴിഞ്ഞിരുന്ന എറണാകുളം സ്വദേശികളായ പ്രതികള്‍ വ്യാഴാഴ്ച രാവിലെ 10.30-ഓടെ അയിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

രണ്ടാംപ്രതി ഏലൂര്‍ മഞ്ഞുമ്മല്‍ പനയ്ക്കല്‍ ഹൗസില്‍ അഭിനവ്(18), മൂന്നാംപ്രതി പാലാരിവട്ടം കാട്ടുങ്കല്‍ ഹൗസില്‍ കിക്കി എന്നു വിളിക്കുന്ന ഒബത്ത് (21), നാലാംപ്രതി തൃക്കാക്കര തോപ്പില്‍ അമ്പാടിയില്‍ അതുല്‍ പ്രശാന്ത്(22), ആറാം പ്രതി കളമശ്ശേരി മൂലേപാടം റോഡ് കാഞ്ഞിരത്തിങ്ങല്‍വീട്ടില്‍ അശ്വിന്‍ രാജ്(21), എട്ടാംപ്രതി ഇടപ്പള്ളി ബി.ടി.എസ്. റോഡ് നീരാഞ്ജനത്തില്‍ നീരജ്(22) എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നാംപ്രതി ചെറുന്നിയൂര്‍ താന്നിമൂട് സ്വദേശിനി ലക്ഷ്മിപ്രിയ(19), ഒമ്പതാംപ്രതി എറണാകുളം സ്വദേശി അമല്‍ മോഹന്‍(24) എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

Signature-ad

അഞ്ചാംപ്രതി സൈക്കോ ജോസഫ്, ഏഴാംപ്രതി ഈസ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ലക്ഷ്മിപ്രിയയുടെ സുഹൃത്താണ് അഭിനവ്. മറ്റു പ്രതികളെല്ലാം അഭിനവിന്റെ സുഹൃത്തുക്കളാണ്. വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ് സംഘം ഏപ്രില്‍ അഞ്ചിന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് കേസ്.

യുവാവിനെ ലക്ഷ്മിപ്രിയയും അഭിനവും ഉള്‍പ്പെട്ട സംഘം കാറില്‍ തട്ടിക്കൊണ്ടുപോയാണ് മര്‍ദിച്ചത്. കാറിലിട്ട് മര്‍ദിക്കുകയും യുവാവിന്റെ മാലയും സ്മാര്‍ട്ട് വാച്ചും ഊരിവാങ്ങുകയും 3500 രൂപ ഗൂഗിള്‍ പേ വഴി കൈക്കലാക്കുകയും ചെയ്തതായും പരാതിയിലുണ്ട്. തുടര്‍ന്ന് എറണാകുളം ബൈപ്പാസിന് അടുത്തുള്ള വീട്ടിലെത്തിച്ച് യുവാവിനു ലഹരിവസ്തുക്കള്‍ നല്‍കിയശേഷം വിവസ്ത്രനാക്കി മര്‍ദിക്കുകയും ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വൈറ്റില ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നുവെന്നാണ് യുവാവ് പോലീസിനു മൊഴി നല്‍കിയത്.

സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ലക്ഷ്മിപ്രിയയും അഭിനവും സഞ്ചരിച്ച കാര്‍ തമ്മനത്ത് വൈദ്യുതത്തൂണിലിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയ അയിരൂര്‍ പോലീസ് ആദ്യം അമല്‍മോഹനെയും പിന്നീട് കഴക്കൂട്ടം കുളത്തൂരില്‍നിന്നു ലക്ഷ്മിപ്രിയയെയും പിടികൂടിയിരുന്നു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ സി.എല്‍.സുധീര്‍ അറിയിച്ചു.

Back to top button
error: