IndiaNEWS

കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് വീണ്ടും പ്രതിദിന കേസുകൾ 10,000 കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിൽ10,158 കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലുമാണ് വ്യാപനം കൂടുതൽ. അടുത്ത പത്ത് ദിവസം കൊവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുമെന്നും പിന്നീട് രോഗികളുടെ എണ്ണം കുറയുമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.

ഒറ്റദിവസത്തിനിടെ മുപ്പത് ശതമാനം വർധനയാണ് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ഇന്നലെ 7830 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 10158 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്കും 4.42 ആയി കൂടി. 15 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലും മഹാരാഷ്ട്രയിലും, കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. രോഗം സ്ഥിരീകരിച്ചവരിൽ 50 ശതമാനത്തിലും ഒമിക്രോൺ ഉപവകഭേദം XBB.1.16 കണ്ടെത്തി. മാർച്ചിൽ സ്ഥിരീകരിച്ച കേസുകളിൽ 35.8 ശതമാനം സാമ്പിളുകളിലായിരുന്നു XBB.1.16 കണ്ടെത്തിയത്. XBB.1.16 സാന്നിധ്യത്തിലുണ്ടായ വർധന വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നതിൻറെ ഫലമായാണ് വിദഗ്ധർ കാണുന്നത്.

Signature-ad

എന്നാൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിൻറെ അടിസ്ഥാനത്തിലാണ് കണക്ക് തയ്യാറാക്കിയത്.

Back to top button
error: