‘മാഹേ റംസാൻ ജാഗേ ലഗാ ഹേ… ഖവാലി ഗാനാ ഗാ രഹാ ഹേ…’
റമദാനിൽ കേട്ടുമറന്ന ഈ ഗാനം കണ്ണൂരുകാർക്ക് ഇനി വീണ്ടും കേൾക്കാം. റമദാൻ മാസം ദഫും ചീനയുമായി എത്തിയിരുന്ന ഉാഠോ ബാബ വീണ്ടും കണ്ണൂരിലെത്തി. മൂന്നു വർഷത്തിനുശേഷമാണ് ഉഠോ ബാബമാരെത്തുന്നത്.
കഴിഞ്ഞ മൂന്നു വർഷമായി കോവിഡ് കാരണം ഉഠോ ബാബമാർക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ റമദാനിലെ തുടക്കത്തിലെത്താതിരുന്നപ്പോൾ ഇക്കുറിയും ഉണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും രണ്ടാംപാതം തുടങ്ങിയതോടെ ഉാഠോ ബാബ എത്തി ഗ്രാമങ്ങളെ പാടി ഉണർത്തി.
ആന്ധ്രയിലെ ചിറ്റൂർ സ്വദേശി ജാവേദാണ് ഇത്തവണ പാട്ടു പാടിയുണർത്താൻ എത്തിയിരിക്കുന്നത്. പണ്ട് കണ്ണൂരുകാർ അത്താഴത്തിനായി ഉറക്കമുണർന്നിരുന്നത് ഉഠോ ബാബമാരുടെ ഗാനം കേട്ടായിരുന്നു.
അറക്കൽ രാജഭരണകാലത്ത് രാജാവിന്റെ നിർദേശപ്രകാരം ഇതരസംസ്ഥാനത്തു നിന്നുള്ളവർ കണ്ണൂരിൽ വരുമായിരുന്നു.
മുമ്പ് റമദാനിലെ ഓരോ ദിവസവും ഉഠോ ബാബമാർ അറക്കലിൽ നിന്ന് സംഘങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നോമ്പെടുക്കുന്ന വിശ്വാസികളെ പുലർച്ചെ വീടുകളിലെത്തി വിളിച്ചുണർത്താൻ ദഫുമായി പോവുമായിരുന്നു. പൂർവികർ തുടങ്ങിവെച്ച ശീലം മാറ്റമില്ലാതെ തുടർന്നു വരുകയായിരുന്നു. പകൽസമയങ്ങളിൽ വീടുകളിൽനിന്ന് ഇവർക്ക് സക്കാത്തും അരിയും സാധനങ്ങളും ലഭിച്ചിരുന്നു.
ആളുകളെ എഴുന്നേൽപ്പിക്കാൻ ക്ലോക്ക്, അലാറം പോലെയുള്ള സംവിധാനങ്ങൾ വന്നതോടെ ഉഠോ ബാബമാരുടെ സേവനത്തിന്റെ പ്രസക്തി കുറഞ്ഞെങ്കിലും തങ്ങൾ ഹൃദയത്തിലേറ്റിയ പഴയ പാരമ്പര്യം കണ്ണൂരുകാർ ഇപ്പോഴും തെറ്റാതെ നിലനിർത്തുകയാണ്. കണ്ണൂർസിറ്റി, തോട്ടട, ആദികടലായി ഭാഗങ്ങളിലാണ് ഉഠോ ബാബമാർ പതിവായി എത്തിയിരുന്നത്.