എം.ടിയുടെ രചനയിൽ ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ക്ക് 33 വർഷപ്പഴക്കം. 1990 ഏപ്രിൽ 12നായിരുന്നു എംടി വാസുദേവൻ നായരുടെ രചനയിൽ മമ്മൂട്ടി, സുരേഷ് ഗോപി, രൂപിണി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ത്രികോണ പ്രേമകഥ റിലീസ് ചെയ്‌തത്. എംടിയുടെ സ്ഥിരം പ്രമേയങ്ങളായ കടപ്പാട്, ദയ, അഭയം, ദുരാഗ്രഹം മൂലമുണ്ടാവുന്ന ദുഷ്ടതകൾ എന്നിവ ശില്പഭദ്രതയോടെ അടുക്കി വച്ച രചനയായിരുന്നു മനുഷ്യബന്ധങ്ങളിലെ ‘മിഥ്യ’യെക്കുറിച്ച് പറഞ്ഞ ചിത്രം. ഗാനങ്ങൾ ഇല്ലായിരുന്നു ചിത്രത്തിൽ. സീമ നിർമ്മാണ ചുമതല നിർവ്വഹിച്ചു. ശശി-സീമമാരുടെ മക്കളായ അനു, അനി എന്നിവരുടെ പേരിലായിരുന്നു നിർമ്മാണം. കാമറ സന്തോഷ് ശിവൻ.
പട്ടിണിയിൽ രക്ഷകനായിരുന്ന ശിവേട്ടനോടുള്ള (സീനിൽ വരാത്ത കഥാപാത്രം) കടപ്പാട് കാരണം ശിവേട്ടന്റെ അനിയൻ രാജനെ (സുരേഷ് ഗോപി) കമ്പനിയുടെ പങ്കാളി വരെ ആക്കുന്ന മുതലാളി വേണു (മമ്മൂട്ടി). ശിവേട്ടന്റെ ഗ്രാമത്തിലെ പെൺകുട്ടിയെ (രൂപിണി) വേണുവിന് ബോധിച്ചെങ്കിലും അവൾ രാജന് പറഞ്ഞ് വച്ചിരുന്നവളായിരുന്നു. അതിനാൽ അവളെയും കരള് പറിച്ചു കൊടുക്കേണ്ട അവസ്ഥയിലായി വേണു.
പക്ഷെ വേണുവേട്ടനോടുള്ള ഭാര്യയുടെ ഇടപഴുകലിൽ സംശയാലുവായ രാജൻ, ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ച് വേണുവിന്റെ ശത്രുക്കളൊടൊന്നിച്ച് ഡേർട്ടി ബിസിനസിൽ കൈ വച്ചു. രാജന്റെ ഭാര്യയെ സ്വന്തമാക്കാമെന്ന് വിചാരിച്ച വേണുവിനെ രാജന്റെ ഭാര്യ വിളിച്ചു – ദുഷ്ടൻ! അവളുടെ വയറ്റിൽ വളരുന്ന രാജന്റെ കുഞ്ഞിന് അച്ഛൻ വേണം. അത് കൊണ്ട് വേണു രാജനെ രക്ഷിക്കണം. വേണുവിന് ജീവിതം എല്ലാ അർത്ഥത്തിലും മിഥ്യ.
ചിത്രം മിഥ്യ ആയില്ല. പക്ഷെ അനു അനി ആർട്ട്സിന്റെ ബാനറിൽ പിന്നീട് ചിത്രങ്ങളൊന്നും ഇറങ്ങിയില്ല. അന്ന് നിർമ്മാതാവിന്റെ റോൾ കൈകാര്യം ചെയ്‌ത സീമ ഈ വർഷം ഒരു ചിത്രത്തിന്റെ നിർമാണത്തിന് ഒരുങ്ങുകയാണ്.