സീമയും സത്താറും നായികാനായകന്മാരും ജയൻ വില്ലനുമായി അഭിനയിച്ച ‘ബെൻസ് വാസു’ റിലീസ് ചെയ്‌തിട്ട് 43 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ജയൻ നെഗറ്റീവ് റോളിൽ വന്ന ‘ബെൻസ് വാസു’വിന് 43 വയസ്. 1980 ഏപ്രിൽ 11 നാണ് സത്താർ, സീമ ജോഡികളായി ഹസ്സൻ സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസ് ചെയ്‌തത്. എ.റ്റി ഉമ്മറിന്റെ ഇമ്പമാർന്ന പാട്ടുകൾ ചിത്രത്തിന് വലിയ മുതൽക്കൂട്ടായി. അരീഫ ഹസ്സനാണ് നിർമ്മാണം. വിജയൻ കരോട്ട് തിരക്കഥ.
കമ്പനി മുതലാളിയാണ് പണ്ട് തെരുവിലെ റൗഡി വാസുവായിരുന്ന (ജയൻ) ഇന്നത്തെ ബെൻസ് വാസു. അവിചാരിതമായി സീമയെ കണ്ട അന്ന് മുതൽ മുതലാളിക്ക് ഇഷ്‌ടം. പക്ഷെ കീഴ്‌ജീവനക്കാരൻ സത്താറും സീമയും പ്രണയബദ്ധരെന്ന് അറിയുന്ന മുതലാളി ഒരു ജോലിക്കാരിയോട് സത്താറുമായി പ്രേമം അഭിനയിക്കാൻ പറഞ്ഞു – അങ്ങനെ സത്താർ-സീമ ബന്ധം കുളമാക്കുകയും സീമയെ സ്വന്തമാക്കുകയും ചെയ്യാം. ഒടുവിൽ സത്യമറിയുന്ന സത്താർ-സീമമാരുടെ മുൻപിൽ വിഷം കഴിച്ച് മരിക്കുകയാണ് വാസു മുതലാളി.
ഗാനരചയിതാവിന്റെ പേര് ‘ബി മാണിക്യം’ എന്നതാണ്. സ്വപ്നം സ്വയംവരമായി, പൗർണ്ണമിപ്പെണ്ണേ, രാഗരാഗപ്പക്ഷീ എന്നീ പാട്ടുകൾക്ക് പുറമെ പലിശക്കാരൻ പത്രോസേ എന്ന ഹാസ്യഗാനവുമുണ്ടായിരുന്നു.
ഹസ്സന്റെ പേരാണ് സംവിധായക സ്ഥാനത്തെങ്കിലും ചെറുതല്ലാത്ത സംഭാവനകൾ ചെയ്‌തത് ജോഷിയാണ്. ഇത് മൂലമാണ് തന്റെ അടുത്ത ചിത്രം ‘മൂർഖൻ’ ജോഷി സംവിധാനം ചെയ്യണമെന്ന് ജയൻ നിർബന്ധം പിടിച്ചത്.