മാരി സെൽവരാജും ധനുഷും ഒന്നിച്ച ചിത്രം ‘കർണൻ’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. രജിഷ നായികയായി അഭിനയിച്ച ധനുഷ് ചിത്രം പ്രമേയത്തിന്റെ കരുത്തുകൊണ്ട് ചർച്ചയായ പ്രൊജക്റ്റായിരുന്നു. മാരി സെൽവരാജും ധനുഷും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനമാണ് പുറത്തുവിട്ടിരിക്കുന്നത്.
‘പരിയേറും പെരുമാൾ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെൽവരാജിന്റെ അടുത്ത പ്രൊജക്റ്റിൽ ധനുഷ് നായകനാകുന്നുവന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പല കാരണങ്ങളാൽ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നാണ് ധനുഷ് എഴുതിയിരിക്കുന്നത്. മാരി സെൽവരാജ് ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് നിർമാണം.
ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാത്തി’യാണ്. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ധനുഷ് ‘ബാലമുരുഗൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വാഴൈ’ റിലീസിന് തയ്യാറായിട്ടുണ്ട്. കലൈയരശൻ, നിഖില വിമൽ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമായ ‘വാഴൈ’യുടെ പ്രഖ്യാപനംതൊട്ടേ ആരാധകർ ഏറ്റെടുത്തിരുന്നു. മാരി സെൽവരാജ് തന്നെയാണ് ‘വാഴൈ’ എന്ന ചിത്രം നിർമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമായി ‘മാമന്നനും’ പ്രദർശനത്തിനെത്താനുണ്ട്. ഉദയനിധി സ്റ്റാലിൻ ചിത്രം നിർമിക്കുന്നു. ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ‘മാമന്നൻ’ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്.