കാസര്‍ഗോഡ്: പാണത്തൂരില്‍ ഗൃഹനാഥനെ ഭാര്യയും മകനും ചേര്‍ന്നു വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശക്തമായ ചവിട്ടില്‍ വാരിയെല്ല് തകര്‍ന്നു ഹൃദയത്തില്‍ തുളച്ചു കയറിയതിനെ തുടര്‍ന്നാണ് പാണത്തൂര്‍ പുത്തൂരടുക്കത്ത് സ്വദേശി ബാബു വര്‍ഗീസിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരത്തില്‍ 33 മുറിവുകള്‍ ഉണ്ടായിരുന്നു. മാരകായുധം കൊണ്ടുള്ള അക്രമത്തില്‍ തല, ചെവിയുടെ പിന്‍ഭാഗം, ഇടതു കാല്‍മുട്ടിന് താഴെ ആഴത്തിലുള്ള മുറിവുണ്ട്. ഇതിലൂടെ രക്തം വാര്‍ന്നൊഴുകിയതും മരണകാരണമായി. വഴക്കിനിടെ മകന്‍ സിബിന്‍ ബാബുവിനെ എറിഞ്ഞു വീഴ്ത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.
കൊലക്ക് ശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ ഭാര്യയും മകനും ചേര്‍ന്നു മാറ്റി പുതിയത് ഉടുപ്പിച്ചിരുന്നു. വീടിനകത്തെ രക്തക്കറയും കഴുകി വൃത്തിയാക്കി. ഇതിനുശേഷമാണ് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. വീടിനകത്ത് കണ്ട രക്തം ബാബുവിന്റേതാണെന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചോരക്കറ പുരണ്ട വസ്ത്രങ്ങള്‍, കൊലയ്ക്ക് ഉപയോഗിച്ച കത്തി എന്നിവ പോലീസ് കണ്ടെടുത്തു. മദ്യപിച്ച് വീട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാബു വര്‍ഗീസ് കൊല്ലപ്പെട്ടത്. കാസര്‍കോട് ഗവ. കോളജില്‍ ബി.എസ്‌സി വിദ്യാര്‍ത്ഥിയാണ് സിബിന്‍.
ഒരാഴ്ച മുമ്പാണ് വേനലവധിക്കു സിബിന്‍ വീട്ടിലെത്തിയത്. അറസ്റ്റിലായ പ്രതികളെ ഞായറാഴ്ച വൈകിട്ട് തെളിയെടുപ്പിന് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ തന്നെ ബാബുവിന്റെ ഭാര്യ സീമന്തിനിയെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ബാബു ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് കത്തിയെടുത്ത് സീമന്തിനിടെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ സ്വയംരക്ഷാര്‍ത്ഥം സീമന്തിനി ബാബുവിനെ വെട്ടിപ്പരിക്കല്‍പ്പിക്കുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബു വീട്ടുമുറ്റത്ത് തന്നെ മരണപ്പെടുകയായിരുന്നു.