CrimeNEWS

ഷാരൂഖ് സെയ്ഫിനെ കോഴിക്കോട് എത്തിച്ചത് മതിയായ സുരക്ഷയില്ലാതെ; വാഹനം തകരാറിലായത് രണ്ടു വട്ടം

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫി(27)യെ കേരളത്തിലെത്തിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടെത്തിയത്. വെള്ളിമാടുകുന്ന് മാലൂര്‍കുന്നിലെ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

വിശദമായ ചോദ്യം ചെയ്യല്‍ ഇവിടെവച്ചുണ്ടാകില്ലെന്നും വൈകാതെ പ്രതിയെ വൈദ്യപരിശോധയ്ക്ക് വിധേയമാക്കുമെന്നുമാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ വിപുലമായ ചോദ്യം ചെയ്യല്‍ ഉണ്ടാകൂ. ഇതിനായി വിവിധ അന്വേഷണ ഏജന്‍സികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നു പിടിയിലായ ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫിയെ സ്വകാര്യവാഹനത്തില്‍ റോഡ് മാര്‍ഗമാണ് കേരളത്തിലേക്കു കൊണ്ടുവന്നത്. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ രണ്ടുതവണ കേടായത് ആശയക്കുഴപ്പം സൃഷ്ടിച്ചു.

Signature-ad

കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മാമലക്കുന്നില്‍വച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ഇതോടെ മറ്റൊരു വാഹനം എത്തിച്ച് പ്രതിയെ മാറ്റി യാത്ര തുടരാനാണ് അന്വേഷണസംഘം നീക്കം നടത്തിയത്. എന്നാല്‍, ഇതിനായി എത്തിച്ച വാഹനത്തിനും സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടു. അന്വേഷണസംഘം ഏതാണ്ട് ഒരു മണിക്കൂറോളം പ്രതിയുമായി വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് നാലരയോടെ വാഗണ്‍ ആര്‍ കാര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്. വാഹനത്തിനു സുരക്ഷയൊരുക്കാന്‍ അകമ്പടി വാഹനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാലൂര്‍ക്കുന്നിലെത്തുമ്പോഴും ഈ കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മാലൂര്‍കുന്നിലെത്തുമ്പോഴും മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെയാണ് ഷാരൂഖ് സെയ്ഫി മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് കേരളപോലീസും മഹാരാഷ്ട്ര എടിഎസും ചോദ്യം ചെയ്ത ശേഷം കേരള പോലീസിന് പ്രതിയെ കൈമാറി. ട്രെയിനില്‍ അക്രമം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, എന്തിനാണ് ഇതു ചെയ്തതെന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.

കസ്റ്റഡിയില്‍ ലഭിച്ചുകഴിഞ്ഞാല്‍ പ്രതിയെ എലത്തൂരിലെ സംഭവസ്ഥലത്തുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. ആക്രമണത്തിനു ശേഷം ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. തീയിടാന്‍ ഉപയോഗിച്ച പെട്രോള്‍ എവിടെ നിന്ന് സംഘടിപ്പിച്ചു, മറ്റാരുടെയെങ്കിലും സഹായം പ്രതിക്കു ലഭിച്ചോ തുടങ്ങിയ കാര്യങ്ങളും അറിയേണ്ടതുണ്ട്. സെയ്ഫിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തീവ്രവാദബന്ധംമുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുവെന്നാണ് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഇന്നലെ അറിയിച്ചത്. കേരളത്തില്‍ മുന്‍പരിചയമില്ലാത്ത സെയ്ഫി ഒറ്റക്കായിരിക്കില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാള്‍ക്കൊപ്പമോ പിന്നിലോ ആളുകള്‍ ഉണ്ടെങ്കില്‍ സംഭവത്തിനു തീവ്രവാദബന്ധമുണ്ടാകാമെന്നാണ് പോലീസ് അനുമാനം.

 

Back to top button
error: