
മുംബൈ: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലായത് കേന്ദ്ര – സംസ്ഥാന ഏജന്‍സികളുടെ വൈദഗ്ധ്യപൂര്‍വമായ ഇടപെടലിലൂടെ. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള ആശുപത്രിയില്‍ ചികിത്സ തേടാന്‍ എത്തിയപ്പോളാണ് ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്ര എടിഎസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും സഹായത്തോടെ കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരന്നു. പ്രതി രത്നഗിരിയിലുണ്ടെന്ന സൂചന ആദ്യം ലഭിച്ചത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ്. ഇന്റലിജന്‍സ് ഈ വിവരം ഉടന്‍ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എ.ടി.എസ്) കൈമാറി. തലയ്ക്ക് പരിക്കേറ്റ ഒരാള്‍ ചികിത്സയ്ക്ക് എത്തിയിട്ടുണ്ടെന്ന വിവരമാണ് ആദ്യം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചത്.
കേരളാ പോലീസ് സംഘം രത്‌നഗിരിയിലെത്തിയതായും ഇയാളെ ഉടന്‍ കോഴിക്കോട്ടേക്ക് എത്തിക്കുമെന്നും വിവരമുണ്ട്. കേരളം നടുങ്ങിയ സംഭവത്തില്‍ അക്രമി പിടിയിലാകുമ്പോഴും ഇനിയും ഏറെ ദുരൂഹതകള്‍ ബാക്കിയാകുന്നുണ്ട്. നോട്ടുബുക്കില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ നോയിഡ സ്വദേശിയാണെന്ന താത്കാലിക സ്ഥിരീകരണമുണ്ടാകുന്നത്. എന്നാല്‍, ഇയാളുടെ പശ്ചാത്തലം ഇപ്പോഴും ദുരൂഹമാണ്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഷാരൂഖ് സെയ്ഫി എന്ന പേരും ഇയാള്‍ മരപ്പണിക്കാരനാണോ എന്ന സംശയിപ്പിക്കുന്ന സൂചനകളും അക്രമി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും കിട്ടിയ നോട്ട്ബുക്കിലുണ്ടായിരുന്നു. സെയ്ഫി എന്നത് ഉത്തരേന്ത്യയില്‍ മരപ്പണിക്കാരുടെ കുടുംബപ്പേരാണ്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. യു.പിയിലെ ബുലന്ദ്ഷഹര്‍, മോദി നഗര്‍, ഷഹീന്‍ബാഗ്, പട്ടേല്‍ നഗര്‍ എന്നിവടങ്ങളില്‍ സമാനമായ പേരുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നോയിഡയില്‍ നിന്നും ഷാരൂഖ് സെയ്ഫി എന്ന ഒരാളെ 30 ദിവസമായി കാണാനില്ലെന്ന് ഇയാളുടെ അച്ഛന്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ പിടിയിലായ പ്രതിയാണോ ഇത് എന്ന് വ്യക്തമായിട്ടില്ല
ഇത്തരത്തില്‍ ഒരു ക്രൂരകൃത്യത്തിലേക്ക് ഇയാള്‍ എത്തിച്ചേര്‍ന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ സംഘടനകഉുമായി ബന്ധമുണ്ടോയെന്ന വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. മതതീവ്രവാദത്തില്‍ ആകൃഷ്ടനായി നടത്തിയ കൃത്യം എന്ന് മാത്രമാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ഇയാള്‍ക്കു പിന്നില്‍ മറ്റു ശക്തികളുണ്ടോ ഒറ്റയ്ക്കാണോ കൃത്യം നടത്തിയത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട. ഇത്തരം തീവ്രവാദി ആക്രമണങ്ങളില്‍ പരിശീലനം ലഭിച്ച ഒരാളല്ല എന്നാണ് പ്രാഥമിക വിവരം.






