LocalNEWS

സ്ത്രീധന പീഡനം, ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം; പിടികിട്ടാപ്പുളളിയായ മലയാളി മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റിൽ

  പഴയങ്ങാടി: മുട്ടത്തുള്ള യുവതിയെ വിവാഹം ചെയ്ത് സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും രണ്ടാമത് രഹസ്യമായി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത വിരുതൻ മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റില്‍. 2007 ലെ സ്ത്രീധന പീഡന കേസില്‍ പ്രതിയായി 2010 ല്‍  പയ്യന്നൂര്‍ ജെ എഫ് സി എം കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച എം. പി ഫാറൂഖ്(33) ആണ് അറസ്റ്റിലായത്.

പഴയങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍ സന്തോഷ് കുമാറിന്റെ അപേക്ഷയിൽ ലുക് ഔട്ട് നോട്ടീസ് പ്രകാരം, ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പ്രതിയെ മംഗ്ളൂറു എയര്‍പോര്‍ടില്‍ വച്ച് പിടികൂടിയത്. ഇയാളെ എമിഗ്രെഷനില്‍ തടഞ്ഞുവച്ച് എയര്‍പോര്‍ട്ട് പൊലീസ് പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

തുടര്‍ന്ന്  സബ് ഇൻസ്പെക്ടർ രൂപമധുസൂദന, എഎസ്‌ഐമാരായ ബാലകൃഷ്ണന്‍, പ്രസന്നന്‍, എസ്‌സിപിഒ ഷിജോ അഗസ്റ്റിന്‍, സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം ഞായറാഴ്ച രാത്രിയില്‍ മംഗ്ളൂറു വിമാനത്താളവത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പഴയങ്ങാടിയിലെ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുമ്പോള്‍ തന്നെ ഇയാള്‍ കാസര്‍കോട് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ ഇയാള്‍ നാട്ടിലെത്തി. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് വീണ്ടും ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

Back to top button
error: