മലപ്പുറം: വാഴക്കാട് നരോത്ത് നജ്മുന്നീസ(32)യുടെ മരണത്തില്‍ ഭര്‍ത്താവ് മൊയ്തീന് പിടിയില്‍. നജ്മുന്നീസയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മൊയ്തീന് പോലീസിനോട് സമ്മതിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ ടെറസിലാണ് നജ്മുന്നീസയുടെ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ ടെറസില്‍ നജ്മുന്നീസയും മൊയ്തീനും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പ്രതി യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ നിരീക്ഷിക്കാനാണ് നജ്മുന്നീസ ഏണി വെച്ച് ടെറസിനു മുകളില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു.
നജ്മുന്നീസയും ഭര്‍ത്താവ് മൊയ്തീനും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നജ്മുന്നീസ എട്ടും ആറും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയി. ശനിയാഴ്ച രാത്രിയാണ് തിരികെയെത്തിയത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
വീടിന്റെ മുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോള്‍ നജ്മുന്നീസയെ മരിച്ച നിലയില്‍ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി. മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ ആദ്യം പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍, നജ്മുന്നീസയുടേത് കൊലപാതകമാണെന്നു വീട്ടുകാര്‍ ആരോപിച്ചിരുന്നു.