കോയമ്പത്തൂര്‍: മുംബൈയില്‍ ജോലി ചെയ്യുന്ന കോളജ് പ്രഫസറെ കോയമ്പത്തൂര്‍ കാളപ്പട്ടിയിലെ സ്വകാര്യ ഹോട്ടലില്‍് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാങ്ക് ജീവനക്കാരനായ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരിക്ക് സമീപം പുതിയങ്കം സ്വദേശി ആര്.ഗോപകുമാറിന് (43) എതിരെയാണ് പേരൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏഴു വര്‍ഷമായി മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ താമസിക്കുന്ന 43 വയസ്സുകാരിയായ കോളജ് പ്രഫസറാണ് പരാതിക്കാരി. ഇവര്‍ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്.
2015 ല്‍ തൃശൂരില്‍ ഗോപകുമാര്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കില്‍ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ഇവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച ഗോപകുമാര്‍, പരാതിക്കാരിയെ ബന്ധപ്പെടുകയും ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. ഇതിനിടെ പരാതിക്കാരി മുംബൈയിലേക്ക് താമസം മാറി. 2020ല്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടുന്നതിനായി ഗോപകുമാര്‍, പരാതിക്കാരിയുടെ സഹായം തേടി. പരാതിക്കാരിയും ഇതേ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നത്.
2021 ജനുവരി 27ന് ഇരുവരും ഭാരതിയാര്‍ സര്‍വകലാശാല സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇരുവരും കാളപ്പട്ടിയിലെ ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെവച്ച് ഗോപകുമാര്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2022 ഡിസംബര്‍ വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗോപകുമാര്‍ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.