കോഴിക്കോട്: കൊളത്തൂരില്‍ ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍കെ ബിനീഷാ(43 )ണ് മരിച്ചത്. തിങ്കളാഴ്ച മര്‍ദനമേറ്റ ബിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഉത്സവപ്പറമ്പില്‍ വച്ച് ബിനീഷിന് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ കുളത്തിന് സമീപം അബോധാവസ്ഥയില്‍ കാണുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. ശരീരമാകെ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ അന്നുതന്നെ കാക്കൂര്‍ പോലീസ് സ്്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ചിലരെ പൊലീസ് വിളിച്ചുവരുത്തുകയും ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബിനീഷിനെ ക്ഷേത്രത്തില്‍ നിന്ന് തള്ളിമാറ്റിയിരുന്നതായും പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നുമാണ് അവര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, ആള്‍ക്കൂട്ടമര്‍ദനത്തെ തുടര്‍ന്നാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. പോലീസില്‍ പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും കേസിലെ പ്രതികളെ വിട്ടയച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറയിച്ചു. ബിനീഷിന്റെ തലയിലെ ആഴത്തിലുണ്ടായ മുറിവ് വീണപ്പോഴുണ്ടായതാണോ, മര്‍ദനമേറ്റിട്ടുണ്ടായതാണോ എന്നതുള്‍പ്പടെ അറിയണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.