KeralaNEWS

ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്: ഗോത്രദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മാര്‍ച്ച് 22-ന് മരിച്ചത്. കടുത്ത ന്യുമോണിയയും വിളര്‍ച്ചയുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയെ ഡോക്ടര്‍ മരുന്നുനല്‍കി പറഞ്ഞയക്കുകയായിരുന്നു.

കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ദമ്പതികളോട് അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഡോക്ടര്‍ ദേഷ്യപ്പെടുകയും ഒരു മരുന്നു മാത്രം ആശുപത്രിയില്‍ നിന്ന് നല്‍കുകയും ബാക്കിയുള്ളവ പുറത്തു നിന്നു വാങ്ങാന്‍ പറഞ്ഞു മടക്കി അയയ്ക്കുകയുമായിരുന്നെന്ന് പിതാവ് ബിനീഷ് പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് കുട്ടി മരിച്ചത്.

Signature-ad

ന്യുമോണിയയും വിളര്‍ച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിനും പട്ടികവര്‍ഗ വികസനവകുപ്പിനും ഐസിഡിഎസിനും വീഴ്ചപറ്റിയതായി കണ്ടെത്തി. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരായ രണ്ട് നഴ്‌സുമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വീഴ്ചപറ്റിയെന്നാണ് പ്രാഥമിക നിഗമനമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

Back to top button
error: