വാഷിങ്ടണ്‍: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി. 2016-ല്‍ യു.എസ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ട്രംപ് നടി സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. എന്നാല്‍, ഇത് ബിസിനസ് ആവശ്യത്തിനെന്നായിരുന്നു ട്രംപ് രേഖകളില്‍ കാണിച്ചത്.
ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് ട്രംപ് പണം കൈമാറിയതെന്നും ആരോപണവുമുയര്‍ന്നിരുന്നു. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണ്. പണം കൈമാറിയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
ഇതാദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒരാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. ഇതോടെ ട്രംപിന്റെ അറസ്റ്റിനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
ഇപ്പോള്‍ തനിക്കെതിരേ നടക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണെന്നാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് സ്റ്റോമി ഡാനിയല്‍സ് രംഗത്തെത്തി.