ഇന്നസെന്റ് എന്നാൽ നിഷ്കളങ്കൻ എന്നാണ് അർത്ഥം.ആ ചിരിയിലും നോട്ടത്തിലും നടത്തത്തിലും വരെ ഒരു നിഷ്കളങ്ക ഭാവം ഒളിഞ്ഞു കിടന്നിരുന്നു.എന്നാൽ അതിനു പിന്നിൽ പരാജിതമായ ബാല്യകൗമാരങ്ങളുണ്ട്; പലവേഷങ്ങൾ കെട്ടിയുള്ള അലച്ചിലുണ്ട്,അവയ്ക്കിടയിൽ കണ്ടുമുട്ടിയ വിചിത്രരായ മനുഷ്യരും അവരുടെ ജീവിതവുമുണ്ട്.രാഷ്ട്രീയവും കച്ചവടവും നാടുവിടലും പിട്ടിണിയുമുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള കടന്നുപോകലുണ്ട്. ഇരിങ്ങാലക്കുടയിലെയും ദാവൺഗരെയിലെയും മദിരാശിയിലെയും മനുഷ്യരും കാഴ്ചകളുമുണ്ട്.വഴിനടത്തിയ വെളിച്ചങ്ങളും അനുഭവങ്ങളിൽ നിന്നൂറിയ ദർശനങ്ങളുമുണ്ട്…ഇവയൊക്കെ ചേർന്നാണ് അദ്ദേഹത്തെ നമ്മൾക്കു പരിചയമുള്ള ഇന്നസെന്റാക്കിയത്.
‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമ റിലീസായ കാലത്ത് ഇന്നസെന്റ് ഭാര്യയേയും മകനെയും കൂട്ടി തൃശൂരിലെ ഒരു തീയറ്ററിൽ സിനിമ കാണാൻ പോയി.സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്ന് ചിരിക്കുകയാണ്. ചിരിയുടെ ആ തിരമാലകൾക്ക് നടുവിൽ ഒരാൾമാത്രം കുനിഞ്ഞിരുന്നു കരയുന്നുണ്ടായിരുന്നു.ഇന്നസെന്റായിരുന്നു അത്.ആദ്യമായി ഞാൻ വിജയിച്ചെന്ന് തോന്നിയ നിമിഷമായിരുന്നു അതെന്ന് ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട്.
പട്ടിണി കിടന്നത്. പരിഹസിക്കപ്പെട്ടത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്. ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്…അങ്ങനെ ഒരുപാട് കഥകൾ ഇന്നസെന്റ് പറയാതെയുമിരിന്നിട്ടുണ്ട്….പക്ഷെ ഏതു സങ്കടക്കടലിൽ മുങ്ങിച്ചാകാൻ പോകുമ്പോഴും ചിരിയുടെ ഒരു ചെറിയ മരപ്പലകയിൽ ഇന്നസെന്റിന് പിടിത്തം കിട്ടാറുണ്ടായിരുന്നു.ആ ഇന്നസെന്റിനെ മാത്രമേ നമുക്കും പരിചയമുള്ളൂ…
പ്രിയ നടന് ആദരാഞ്ജലികളോടെ…