പാലക്കാട്: സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം വീട്ടില്‍നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവാവും സഹായികളും അറസ്റ്റില്‍. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്. കടബാധ്യത തീര്‍ക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്നാണ് ബൈജുവിന്റെ മൊഴി. പാലക്കാട് ഹേമാംബിക നഗര്‍ പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ബൈജു വീട്ടുകാരുമായി ചേര്‍ച്ചയിലായിരുന്നില്ല. വീട്ടുകാര്‍ വീട് പൂട്ടി കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതിനു പിന്നാലെയാണ് കവര്‍ച്ച നടത്തിയത്. സഹോദരിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കി. മടങ്ങി വരുന്ന സമയം ചോദിച്ചറിഞ്ഞു. വന്‍ തുക വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി. ഓട് പൊളിച്ച് വീടിനുള്ളില്‍ കയറിയായിരുന്നു കവര്‍ച്ച. അലമാരകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെട്ടു.
വീടിന് സമീപത്തുനിന്നാണ് കവര്‍ച്ചയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ശേഖരിച്ചത്. അധികം ദൂരത്തല്ലാതെ ആയുധങ്ങള്‍ ഉപേക്ഷിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കവര്‍ച്ചാ വിവരം അറിഞ്ഞത്. പിന്നാലെ ഹേമാംബിക പോലീസിനെ സമീപിച്ചു. വീട്ടിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ ബൈജുവിനെക്കുറിച്ച് പോലീസിന് ചില സംശയങ്ങളുണ്ടായി. തുടര്‍ന്ന് തന്ത്രപൂര്‍വം വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം വീട്ടിലെ കവര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. നഷ്ടപ്പെട്ട സ്വര്‍ണവും പണവും പോലീസ് കണ്ടെടുത്തു.