NEWSWorld

മാസപ്പിറവി ദൃശ്യമായി, കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

കോഴിക്കോട്:  മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ലുകളുടെ ഖാദിമാര്‍ അറിയിച്ചു. വിശ്വസികള്‍ക്ക് ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങളാണ് സമാഗതമായിരിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന, പുണ്യ പ്രവൃത്തികള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസമാണ് റമദാന്‍.

പകല്‍ നേരങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാക്കിയും വിശ്വാസികള്‍ റമദാനെ അര്‍ത്ഥപൂര്‍ണ്ണമാക്കും. ഈ  ഒരുമാസക്കാലത്തെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് ആരാധനകളുടേത് മാത്രമാണ്. മനസും ശരീരവും സ്ഫുടം ചെയ്ത് സൃഷ്ടാവിന്റെ പ്രീതി നേടുന്നതിനുള്ള പരിശ്രമത്തിലാവും  ഈ നാളുകളില്‍ വിശ്വസികള്‍.

Signature-ad

ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം കൂടിയായ റമദാനില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ത്ത് പുണ്യങ്ങള്‍ ആർജ്ജിക്കാൻ വിശ്വാസികള്‍ മത്സരിക്കും.
രാത്രിയിലെ തറാവീഹ് നിസ്‌കാരമാണ് റമദാനിലെ പ്രത്യേക ആരാധനകളില്‍ ഒന്ന്. റമദാന് മുന്നോടിയായി പള്ളികളും വീടുകളും ശുചീകരിച്ചു. കടുത്ത വേനലിനിടയിലേക്കാണ് ഇത്തവണ റമദാന്‍ എത്തുന്നത്. ചൂടും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും വിശ്വാസികളെ അലട്ടുന്നുണ്ട്.

നഗരങ്ങളിൽ  റമദാന്‍ വിപണി ഉണര്‍ന്നു കഴിഞ്ഞുന്. സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പഴവര്‍ഗങ്ങളും നോമ്പുതുറ വിഭവങ്ങളും വാങ്ങാനുള്ള തിരക്കാണ് എല്ലായിടത്തും. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള വിവിധതരം ഈന്തപ്പഴങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്.

Back to top button
error: