KeralaNEWS

ഫാരിസിനെതിരേ അന്വേഷണത്തിന് ഇ.ഡിയും; ഉറവിടം വെളിപ്പെടുത്താതെ 100 കോടി നിക്ഷേപം

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണവും. ഫാരിസിന്റെ ഭൂമിയിടപാടുകള്‍ക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം നടത്തും. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്റ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ഇന്നലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തി. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ ഒരേ സമയമായിരുന്ന പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. രാവിലെ 10.30- യോടെയാണ് ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. നന്ദി ബസാറിലെ വീട്ടില്‍ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വന്‍കിടക്കാര്‍ക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകള്‍ നടത്തിയത് വഴി വന്‍ തോതില്‍ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. നേരത്തെ കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ ഗുരുഗ്രാമിലെ 201 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട് കെട്ടിയിരുന്നു. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്‌സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിനും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

കേരളത്തിന്റെ പലഭാഗങ്ങളിലും തണ്ണീര്‍ത്തട, വനസംരക്ഷണ, തീരദേശ നിയമങ്ങള്‍ ലംഘിച്ചു 2000 മുതല്‍ ഫാരിസ് അബൂബക്കറിന്റെ കമ്പനികള്‍ സ്വരുക്കൂട്ടിയ വന്‍ ഭൂമി നിക്ഷേപത്തില്‍ (ലാന്‍ഡ് ബാങ്ക്) രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണമുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 5 വര്‍ഷത്തിനിടയില്‍ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു ഫാരിസ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്കു സമീപകാലത്ത് ഉറവിടം വെളിപ്പെടുത്താതെ എത്തിയ 100 കോടി രൂപയുടെ നിക്ഷേപവുമാണ് അന്വേഷണം വേഗത്തിലാക്കാന്‍ കാരണം.

സിപിഎം വിഭാഗീയത കത്ത് നിന്ന് കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഫാരിസ് അബൂബക്കറിന്റെത്. വിഎസിന്റെ വെറുക്കപ്പെട്ടവന്‍ പ്രയോഗവും കൈരളി ചാനലില്‍ വന്ന ഫാരിസിന്റെ അഭിമുഖവുമെല്ലാം വലിയ കോളിളക്കം സൃഷ്ടിച്ചു. അടുത്തകാലത്ത് ഫാരിസിന്റെ പിതാവ് അന്തരിച്ചതിന് പിന്നാലെ നന്ദി ബസാറിലെ വീട്ടില്‍ പിണറായി വിജയന്‍ എത്തിയതും വാര്‍ത്തയായിരുന്നു.

 

Back to top button
error: