KeralaNEWS

പ്രതിസന്ധി രൂക്ഷം; വൈകുന്നേരം 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കുക: കെഎസ്ഇബി 

കോഴിക്കോട്: കേരളത്തിൽ പകൽച്ചൂട് കനക്കുകയാണ്. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ എസ് ഇ ബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ കെഎസ്ഇബിയ്ക്കുുള്ളത്.
രാജ്യവ്യാപകമായി നിലവിലുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവിൽ വളരെകൂടുതലാണ്.
വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും. എന്നാൽ മാന്യ ഉപഭോക്താക്കൾ അൽപ്പമൊന്ന് മനസ്സുവച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളു.
ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും.വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം.
(കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചത്)

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: