KeralaNEWS

റോഡിൽ എന്തിനാണ് ഇരട്ട മഞ്ഞവര ?

രാഴ്ച മുമ്പ് പത്തനംതിട്ടയിലെ കോന്നിക്ക് സമീപം നടന്ന അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമാണ് ഇതോടൊപ്പമുള്ളത്. ‍കെഎസ്ആര്ടിസി ബസ് തൊണ്ണൂറ് ശതമാനവും ഇരട്ട മഞ്ഞവരയ്ക്ക് (Double yellow) അപ്പുറത്താണ്. അപകടത്തിൽപ്പെട്ട കാറും അപകടത്തിന് തൊട്ടുമുമ്പ് ലൈനില്‍ കയറുന്നുണ്ട്.ഇത്ര നിസാരമായ ഒരു വളവില്‍ എന്തിനാണ് ഇരട്ട മഞ്ഞവര (Double yellow Lines) എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്..? ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഡ്രൈവറെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്.

റോഡിന്റെ മധ്യത്തിലൂടെ മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക.ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്… എന്നിട്ടും ആ കെഎസ്ആർടിസി ബസ് വന്നത് എങ്ങനെയാണെന്ന് നോക്കൂ.ഈ ബസിൽ ജി പി എസ്

ഇല്ലായിരുന്നുവെന്നും സ്പീ‌ഡ് ഗവർണർ വിച്ഛേദിച്ച

നിലയിലായിരുന്നെന്നും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

കാറുകാരനും അമിതവേഗതയിലായിരുന്നു.തന്നെയുമല്ല, അപകടത്തിന് തൊട്ടുമുമ്പ് ഇയാളും റോഡിന് നടുവിലെ മഞ്ഞവര ക്രോസ് ചെയ്യുന്നുണ്ട്.റോഡിലെ നിയമങ്ങൾ ആർക്കുവേണ്ടിയാണ് … അല്ലെങ്കിൽ ആരാണ് അത് പാലിക്കേണ്ടത് ..?!!

ഡ്രൈവിംഗ് ലൈസന്‍സുള്ള പലര്‍ക്കും ഗതാഗത ചിഹ്നങ്ങളില്‍ പലതും അറിയില്ല. നമ്മളില്‍ പലരുടെയും സുരക്ഷാ ബോധം, സിഗ്നലുകളിലെ ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകളില്‍ മാത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതുമാണ്. അപ്പോള്‍പ്പിന്നെ റോഡിലെ വരകളെക്കുറിച്ചു പറയേണ്ടതില്ലല്ലോ !!

തുടർച്ചയായ ഇരട്ട മഞ്ഞ വര സൂചിപ്പിക്കുന്നത് ഇരുവശത്തേക്കും മുറിച്ചുകടക്കുന്നത് അനുവദനീയമല്ല എന്നാണ്. അതിനാൽ ഓവർടേക്കിംഗോ യു-ടേണുകളോ ഇവിടെ ഒരു കാരണവശാലും ചെയ്യരുത്.അല്ലെങ്കിൽ ലെയ്ൻ മാറരുത്. അപകടസാധ്യത കൂടുതലുള്ള രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.

റോഡിനുനടുവിലെ തുടര്‍ച്ചയായ മഞ്ഞവര ഒരുകാരണവശാലും മറികടക്കല്‍ പാടില്ലെന്ന സൂചന നല്‍കുന്നു. വളവുകളിലും അപകടമേഖലകളിലുമാണിത്.

നീണ്ടു നിവര്‍ന്ന മഞ്ഞ വരകള്‍ക്ക് സമാന്തരമായ മുറിഞ്ഞ മഞ്ഞ വരകള്‍
ഇവിടെ രണ്ട് തരത്തിലുള്ള അനുവദങ്ങളാണ് റോഡ് നല്‍കുന്നത്. മുറിഞ്ഞ മഞ്ഞ വരയുള്ള വശത്തുള്ളവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം. എന്നാല്‍ നീണ്ടു നിവര്‍ന്ന മഞ്ഞ വരകളുള്ള വശത്തുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.

ഇടതുവശത്തെ തുടര്‍ച്ചയായ വെള്ളവര
റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. രാത്രിയില്‍ സുരക്ഷിതമായി വണ്ടിയോടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡുകളിലാണെങ്കില്‍ അരികില്‍നിന്ന് അല്പം വിട്ടിട്ടായിരിക്കും ഈ വര. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോകാനും സൈക്കിളോടിക്കാനും പറ്റും. വേഗം കുറച്ചുപോകുന്ന ഇരുചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.

നടുവിലെ ഇടവിട്ട വെള്ളവര
രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ സഹായിക്കുന്നു. ഈ വരയാണെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.

നാലുവരിപ്പാതകളിലും ഇടവിട്ട വരകളുണ്ടാകും. ഇവിടെ വരിപിടിച്ച് വാഹനം ഓടിക്കണം. അഥവാ ലെയ്ന്‍ ട്രാഫിക്. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശം. പക്ഷേ പലരും അങ്ങനെ ചെയ്യാറില്ല. ഭാരം കയറ്റി ഇഴഞ്ഞുപോകുന്ന വലിയ ലോറികളും ഇരുചക്രവാഹനങ്ങളും വലതുവരിയിലൂടെ പോകുന്നതു പതിവു കാഴ്ചയാണ്. വരി മാറുന്നുണ്ടെങ്കില്‍ തൊട്ടു പിറകില്‍ വാഹനം ഇല്ലെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.

അകലം കുറഞ്ഞ ഇടവിട്ട വെള്ളവര

അപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര. തമ്മിലുള്ള അകലം വളരെക്കുറവായിരിക്കും.

മുറിയാത്ത വെള്ളവര
ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിനു നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ മറികടക്കല്‍ ഒഴിവാക്കണം.

നീണ്ടു നിവര്‍ന്ന വെള്ള റോഡ് വരകള്‍
റോഡ് വരി മാറരുതെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് നീണ്ടു നിവര്‍ന്നുള്ള വെള്ള റോഡ് ലൈനുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും വരിയില്‍ നിന്നും മാറി ഡ്രൈവ് ചെയ്യരുതെന്ന സൂചന ഇന്ന് മിക്കപ്പോഴും പാലിക്കപ്പെടാറില്ല.

മുറിയാത്ത രണ്ടു വെള്ളവര
ഈ ഭാഗങ്ങളില്‍ മറികടക്കാനേ പാടില്ല. അപകടമേഖലയോ ജങ്ഷനോ വളവോ ഉണ്ടെന്നു മുന്നറിയിപ്പ് നല്‍കാനാണിത്.

ഇടവിട്ട വരയ്‌ക്കൊപ്പം നീണ്ടവര
വാഹനം ഓടിക്കുന്നയാളിന്റെ വലതുഭാഗത്ത് റോഡില്‍ ആദ്യം ഇടവിട്ടവരയും അതിനോടു ചേര്‍ന്നുതന്നെ തുടര്‍ച്ചയായ നീണ്ടവരയും ഉണ്ടെങ്കില്‍ മറികടക്കാം. എന്നാല്‍, വലതുഭാഗത്തു നീണ്ടവരയും അതിനോടുചേര്‍ന്നു മറുഭാഗത്ത് ഇടവിട്ട വരയുമെങ്കില്‍ മറികടക്കരുത്. അതായത് ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരുദിശയിലേക്കു പോകുന്നവര്‍ക്കേ മറികടക്കാന്‍ അനുമതിയുള്ളൂ.

 

ഇടവിട്ട വരകളില്‍ ഇടത്തേക്കു ചൂണ്ടു ചിഹ്നം
നടുക്കുള്ള ഇടവിട്ട വരകളില്‍ ഇടത്തേക്ക് അസ്ത്രചിഹ്നം കണ്ടാല്‍ നിര്‍ബന്ധമായും ഇടതുവശത്തേക്ക് ഒതുക്കി വാഹനം ഓടിക്കുക. മുന്‍പില്‍ നിയന്ത്രണമോ അപകടസാധ്യതയോ ഉണ്ടെന്നതിന്റെ സുചനയാണിത്.

 

നടുവില്‍ ഏണിവരകള്‍
ഇരുവരിപ്പാതയുടെ മധ്യത്തില്‍ ഏണിയുടെ രൂപത്തിലുള്ള വെള്ളവരകള്‍ നീണ്ടുപോകുന്നത് ഡിവൈഡറിനു തുല്യമാണ്. ഇത് അപകടസാധ്യതയുള്ളസ്ഥലമാണ്. മറികടക്കുകയോ ആ ഏണിച്ചിത്രത്തിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്. ഈ വരകള്‍ ചെന്നുചേരുന്നത് ഡിവൈഡറുകളിലേക്കാകാം. ഇതേവരകള്‍ മഞ്ഞനിറത്തിലുമുണ്ടാകാറുണ്ട്. അവ ശക്തമായ അപകടസൂചന നല്‍കുന്നു.

 

വളഞ്ഞ വരകള്‍
റോഡരികിലും ചിലപ്പോള്‍ നടുക്കും ചരിഞ്ഞും തിരിഞ്ഞുമുള്ള തുടര്‍ച്ചയായ വെള്ളവര(സിഗ് സാഗ്), മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്കു റോഡുമുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈന്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അതിനാല്‍ വേഗം കുറച്ചുപോകുക, മറികടക്കാന്‍ പാടില്ല എന്നും അവ സൂചിപ്പിക്കുന്നു.

ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവര
ഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.

 

കുറുകെയുള്ള ആറു മഞ്ഞവരകള്‍
വേഗം കുറച്ചുപോകണമെന്നു സൂചിപ്പിക്കുന്ന വരകളാണിത്. ജങ്ഷനുകള്‍ക്കു മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്പുകള്‍ക്കു പകരമാണ് ഈ വരകള്‍

 

മഞ്ഞച്ചതുരക്കളങ്ങള്‍
റോഡു നിറയെവരുന്ന തരത്തില്‍ വലിയ മഞ്ഞക്കളവും അതിനുള്ളില്‍ ചെറിയ കുറേ കളങ്ങളും. പ്രധാന റോഡ് വന്നുചേരുന്ന, സ്ഥലം കുറഞ്ഞതും തിരക്കു കൂടിയതുമായ ജങ്ഷനുകളിലാണ് യെലോ ബോക്‌സ് ജങ്ഷന്‍ എന്ന ഈ അടയാളമുണ്ടാകുക. ഇവിടെ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകില്ല. ഈ കളങ്ങളില്‍ വാഹനം നിര്‍ത്തിയിടാന്‍ പാടില്ല. കടന്നുപോകാന്‍ കഴിയുമെങ്കില്‍ മാത്രമേ അതിലേക്കു വാഹനം പ്രവേശിപ്പിക്കാൻ പാടുള്ളു. ഇല്ലെങ്കില്‍ അതിനുമുന്‍പായി നിര്‍ത്തണം.

 

 

റോഡരികിലെ കുറുവരകൾ

റോഡിന്റെ അതിര്‍ത്തി ഓര്‍മപ്പെടുത്തുന്ന ഇടതുവശത്തെ വെള്ളവരയില്‍നിന്നു തുടങ്ങി റോഡിനു പുറത്തേക്കുള്ള ചരിഞ്ഞ അനേകം കുറുവരകളെ നടപ്പാതയായാണ് കരുതുന്നത്. ഇത് കാല്‍നടയാത്രയ്ക്കുവേണ്ടി മാത്രമുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ ഒരുകാരണവശാലും വാഹനം കയറ്റുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്.

Back to top button
error: