KeralaNEWS

ബ്രഹ്‌മപുരത്തേക്ക് രണ്ടാംഘട്ട മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മമ്മൂട്ടി; ഇത്തവണ ആശ്വാസം നേത്രരോഗികള്‍ക്ക്

കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്‌മപുരംകാര്‍ക്ക് ആശ്വാസവുമായി എത്തുന്നത്.

വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കഴിയുന്ന ഇത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈല്‍ നേത്ര ചികിത്സാ സംഘം എത്തുന്നത്. മമ്മൂട്ടി അയച്ച ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ബ്രഹ്‌മപുരത്ത് സേവനം ചെയ്തിരുന്നു.

വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ സംഘം വീട്ടില്‍ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നു. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തില്‍ ഒപ്റ്റോമെട്രിസ്റ്റ്, നേഴ്സ് എന്നിവരടങ്ങുന്ന സംഘം ആവശ്യമായ മരുന്നുകളുമായി വീടുകളില്‍ എത്തി പരിശോധന നടത്തും.

വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ പ്രദേശത്ത് ആദ്യദിനവും, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശത്ത് രണ്ടാം ദിനവും മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

Back to top button
error: